ഭവന വായ്പയടക്കം ഒട്ടനവധി ലോണുകള്‍ എടുത്തിട്ടുള്ളവരാണ് നമ്മള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നമ്മുടെ വായ്പകളുടെ ഇഎംഐ അടവില്‍ എത്ര തുക വര്‍ധിച്ചിട്ടുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളെടുത്ത ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഏറ്റവും പുതിയ ഇഎംഐ എത്രയാണെന്ന് അതത് ബാങ്കില്‍ ബന്ധപ്പെട്ടു നോക്കൂ. 25 ലക്ഷം രൂപ 30 വര്‍ഷത്തെ കാലാവധിയിലാണ് നിങ്ങള്‍ എടുത്തതെങ്കില്‍ മാസം 4388 രൂപ മാസം കൂടുതല്‍ അടയ്ക്കേണ്ടി വരും. ഒറ്റ വര്‍ഷം കൊണ്ട് ഒരു ഇഎംഐയിലുണ്ടായ വര്‍ധനയാണിത്. എല്ലാ വായ്പകളുടെ തിരിച്ചടവിലും ഇത്തരത്തില്‍ ആനുപാതിക വര്‍ധനയുണ്ടായിട്ടുണ്ട്, നമ്മളറിയാതെ.
പലിശ രാജ്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആര്‍ബിഐ ആറ് തവണകളായി റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് 2.5 ശതമാനമാണ്. അതായത് 4 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമാക്കി ഉയര്‍ത്തി. കഴിഞ്ഞ ആഴ്ച ചേര്‍ന്ന അവസാന ധനനയ സമിതി യോഗത്തിലും കാല്‍ ശതമാനം വര്‍ധന പ്രതീക്ഷിച്ചിരുന്നു എങ്കിലും റിസര്‍വ് ബാങ്ക അത് ഒഴിവാക്കുകയായിരുന്നു. ഉയര്‍ന്ന് വരുന്ന, അഥവാ സഹന പരിധിയ്ക്ക് പുറമേ തുടരുന്ന വലിക്കയറ്റത്തെ പിടിച്ച് നിര്‍ത്താനാണ് കേന്ദ്ര ബാങ്കുകള്‍ മത്സരിച്ച് പലിശ വര്‍ധിപ്പിക്കുന്നത്. പ്രധാനമായും പലിശ വര്‍ധിപ്പിച്ച് വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയ്ക്കുക എന്ന മാര്‍ഗമാണ് പൊതുവേ ആഗോളത്തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ തുടരുന്നത്. അമേരിക്കന്‍ ഫെഡ് റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, റിസര്‍വ് ബാങ്ക് എല്ലാം ഈ വഴിക്കാണ് ചിന്തിക്കുന്നത്. ഫലത്തില്‍ എടുത്ത വായ്പകള്‍ക്കും പുതിയതിനും ചെലവ് കുതിച്ചുയരുന്നു.
ഇഎം ഐ വര്‍ധന 30 ശതമാനം വരെ
കഴിഞ്ഞ മേയ് മാസം മുതലാണ് ആര്‍ബിഐ റിപ്പോ നിരക്ക് കൂട്ടി തുടങ്ങിയത്. ഇതോടെ നാലു വര്‍ഷത്തോളമായി ആസ്വദിച്ചിരുന്ന കുറഞ്ഞ പലിശ കാലം താത്കാലികമായി അവസാനിച്ചു എന്നു പറയാം. മേയ് മാസത്തിന് മുമ്പ് പൊതുമേഖലാ ബാങ്കുകളുടെ ശരാശരി ഭവന വായ്പാ പലിശ നിരക്ക് 6.75-7 ശതമാനമായിരുന്നു എങ്കില്‍ ഉയര്‍ന്ന പലിശകാലമെന്ന് വിളിക്കാവുന്ന ഇപ്പോള്‍ നിരക്ക് 9.25-9.5 ശതമാനമാണ്. അതായത് നാമറിയാതെ, വരുമാനത്തില്‍ കാര്യമായ വര്‍ധനവില്ലാതെ, ഇഎംഐ കുതിച്ചുയര്‍ന്നു. അതും 30 ശതമാനം വരെ!
പലിശ നിരക്ക് നമ്മുടെ പരിധിയിലല്ല
ചില കാര്യങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തികമാണ് വിഷയമെങ്കില്‍ എപ്പോഴും നമ്മുടെ പരിധിയില്‍ ഒതുങ്ങണമെന്നില്ല. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളും മറ്റും ഇതില്‍ ചിലത് മാത്രമാണ്. ഇതോടൊപ്പം ചേര്‍ത്ത് കാണാവുന്നതാണ് നമ്മുടേതല്ലാത്ത കാരണത്താല്‍ ഒരു മാസത്തെ നിശ്ചിത ചെലവിലുണ്ടാകുന്ന വര്‍ധന. ആഗോളതലത്തില്‍ പണപ്പെരുപ്പം കുതിച്ചുയരുന്നതോ അതിന് തടയിടാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ കൂട്ടുന്നതോ ഒന്നിനും നമ്മള്‍ ഉത്തരവാദികളല്ലല്ലോ. പക്ഷെ, അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടത് നമ്മളാണ് താനും. ഇത്തരം സാഹചര്യത്തില്‍ എന്തു ചെയ്യും? ഇത്തരം പ്രതിസന്ധികളെ എങ്ങനെയാകണം നമ്മള്‍ കൈകാര്യം ചെയ്യുക?
വായ്പ എടുത്തവര്‍ക്ക് മൂന്ന് സാധ്യതകള്‍
നിലവിലെ കണക്കുക്കൂട്ടലനുസരിച്ച് 2023 അവസാനത്തോടെയാവണം പലിശ നിരക്കില്‍ കുറവിനുള്ള ആദ്യ ട്രെന്‍ഡുകള്‍ പുറത്തു വരിക. 2024 ല്‍ നിരക്കില്‍ നേരിയ കുറവുണ്ടായേക്കാം. എങ്കിലും പഴയ നിരക്കിലേക്ക് തിരിച്ചു വരാന്‍ സമയമെടുക്കും. അതുകൊണ്ട് ഭവന വായ്പ പോലുള്ള ദീര്‍ഘകാല വായ്പകള്‍ എടുത്തവര്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ വലിയ തോതില്‍ പണം നഷ്ടമാകുന്നത് ഒഴിവാക്കാം. മൂന്ന് കാര്യങ്ങളാണ് ഇത്തരം സന്ദര്‍ഭത്തില്‍ വായ്പ എടുത്തയാള്‍ക്ക് ചെയ്യാനാവുക. വായ്പ നേരത്തെ അടച്ച് ബാധ്യത ഒഴിവാക്കുക, ഇഎം ഐ അടവ് ഉയര്‍ത്തുക, കാലാവധി കൂട്ടുക എന്നിവയാണ് അവ.
വായ്പ നേരത്തേ അടച്ച് തീര്‍ക്കുക
ഭവന വായ്പ പോലുള്ള ദീര്‍ഘ കാല ലോണുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇതില്‍ ആദ്യ വര്‍ഷങ്ങളില്‍ തിരിച്ചടവില്‍ സിംഹഭാഗവും പലിശയായിരിക്കും. വര്‍ഷങ്ങള്‍ പിന്നിടുന്തോറും പലിശ കുറഞ്ഞ് കുറഞ്ഞ് മുതലിലേക്ക് കയറും. അതുകൊണ്ട് ആദ്യ വര്‍ഷങ്ങളില്‍ തിരിച്ചടവ് തീര്‍ത്താല്‍ വലിയ തോതില്‍ പലിശ ലാഭിക്കാം. കാരണം ആദ്യനാളുകളില്‍ ഇഎംഐയ്ക്ക് പുറമേ എത്ര തുക കൂട്ടി അടച്ചാലും അത് പ്രിന്‍സിപ്പല്‍ എമൗണ്ടിലേക്കാണ് പോകുക. അങ്ങനെ വന്നാല്‍ അത്രയും തുകയ്ക്ക് പിന്നീട് വര്‍ഷങ്ങളോളം ഉണ്ടാകാന്‍ സാധ്യതയുള്ള പലിശ ലാഭിക്കാം. ഇത് പെട്ടന്ന് തന്നെ വായ്പാ തിരിച്ചടവ് പൂര്‍ത്തിയാക്കി നിങ്ങളെ സ്വതന്ത്രനാക്കുന്നു. ഉദാഹരണത്തിന് 20 വര്‍ഷ കാലാവധിയില്‍ 25 ലക്ഷം രൂപ 8 ശതമാനം പലിശയ്ക്ക് വായ്പ എടുത്തയാളുടെ ഇഎംഐ 20,911 രൂപയായിരിക്കും. എന്നാല്‍ 12 മാസത്തിന് ശേഷം 5 ലക്ഷം രൂപ പ്രിന്‍സിപ്പലിലേക്ക് തിരിച്ചടയ്ക്കാനായാല്‍ പലിശയിനത്തില്‍ 12 ലക്ഷം ലാഭിക്കാനാകും.
പലപ്പോഴും വീട്/ ഫ്ളാറ്റ് എന്നിവ സ്വന്തമാക്കിയ ഉടനെ വായ്പ തിരിച്ചടച്ച് അവസാനിപ്പിക്കാനുള്ള പണം കൈയ്യിലുണ്ടാവില്ല. എന്നാല്‍ ജോലിയില്‍ അപ്രതീക്ഷിതമായി ലഭിക്കുന്ന ബോണസ്, അരിയേഴ്സ്, ചിട്ടികള്‍, പലിശ കുറഞ്ഞ മറ്റേതെങ്കിലും ദീര്‍ഘകാല നിക്ഷേപങ്ങള്‍, അതല്ലെങ്കില്‍ സ്ഥലം വില്പനയിലൂടെയും മറ്റും ലഭിക്കുന്ന വരുമാനം ഇവയെല്ലാം ഇതിനായി വിനിയോഗിക്കാം. ഉയര്‍ന്ന പലിശ രാജില്‍ നിന്ന് അങ്ങനെ രക്ഷ നേടാം.
തിരിച്ചടവ് പ്ലാന്‍ മാറ്റാം
വായ്പ എടുക്കുമ്പോള്‍ നമ്മുടെ മാസവരുമാനത്തില്‍ നിന്ന് ഇഎം ഐ ആയി എത്ര തുക മാറ്റി വയ്ക്കാം എന്ന ഒരു ധാരണ നമ്മുക്കുണ്ടാകും. ഇതനുസരിച്ച തുകയാകും നമ്മള്‍ വായ്പയായി എടുക്കുക. പിന്നീടാകും പലിശ വര്‍ധിച്ചത്. ഈ സാഹചര്യത്തില്‍ തിരിച്ചടവ് പദ്ധതി പരിഷ്‌കരിക്കേണ്ടത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നമ്മെ താങ്ങും.
ഈ ഉദാഹരണം ശ്രദ്ധിക്കൂ. 25 ലക്ഷം രൂപ 30 വര്‍ഷത്തേക്ക് 7 ശതമാനം പലിശയ്ക്ക് വായ്പ എടുത്ത ഒരാള്‍ക്ക് അടയ്ക്കേണ്ടിരിയുന്ന മാസ അടവ് 16,633 രൂപയാണ്. അയാള്‍ ആകെ 30 വര്‍ഷം കൊണ്ട് അടയ്ക്കേണ്ട പലിശ 34,87,722 രൂപയാണ്. ആകെ തിരിച്ചടവാകട്ടെ 59,87,722 രൂപയും.
Read more
ഇനി ഇതേ തുക പലിശ കൂടി 9.5 ശതമാനത്തിലെത്തിയപ്പോള്‍ അയാളുടെ മാസ തിരിച്ചടവില്‍ 4,388 രൂപ അധികം വരും. ( 21,021 രൂപ). ആകെ അടയ്ക്കേണ്ട പലിശ 50,67,688 രൂപയായും മൊത്തം അടവ് 75,67,688 രൂപയായും കുതിച്ചുയരും. അതായത് കൂടിയ പലിശയുടെ ഭാരം മാത്രം മാസം 4,388 രൂപ വരും. വായ്പ എടുത്തയാള്‍ക്ക് ഇവിടെ രണ്ട് സാധ്യതകളുണ്ട്. അധികമായി വരുന്ന പലിശ ഭാരം നിലവിലെ ഇഎം ഐ യോട് ചേര്‍ത്ത് അടയ്ക്കുക. അല്ലെങ്കില്‍ ബാങ്കില്‍ ബന്ധപ്പെട്ട് കാലാവധി നീട്ടി വാങ്ങുക. ഇതില്‍ അവസാനത്തേതാകും കൂടുതല്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് എന്നതിനാല്‍ കഴിയുന്നതും ആദ്യ സാധ്യത ഉപയോഗിക്കുക. ഇതിനായി അടിന്തരമാല്ലാത്ത മറ്റ് മാസചെലവുകളില്‍ വെട്ടികുറവ് വരുത്തുക.