രൂപയുടെ തകര്‍ച്ചയില്‍ സ്വര്‍ണം ഉയര്‍ച്ചയിലേക്ക്; ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ സ്വര്‍ണവില ഇടിയാന്‍ ഇടയാക്കുമോ?; വന്‍ വിലക്കയറ്റത്തിന് സാധ്യതയെന്നും AKGSMA

15 മാസത്തെ വിനാശകരമായ യുദ്ധത്തിന് വിരാമമിടുന്നതിനായി ഇസ്രായേലും ഹമാസും ഞായറാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചത് സ്വര്‍ണവിപണയിലും മാറ്റമുണ്ടാക്കും. യുദ്ധവിരാമങ്ങള്‍ അന്താരാഷ്ട്ര വിപണിയിലും തല്‍ഫലമായി ആഭ്യന്തര സ്വര്‍ണ വിപണിയിലും സ്വര്‍ണ വില കുറയാന്‍ ഇടയാക്കാറുണ്ട്. പക്ഷേ ഇക്കുറി ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ വന്നുവെങ്കിലും സ്വര്‍ണം വീണ്ടും ഉയര്‍ച്ചയിലേക്ക് തന്നെയാണ് പോകുന്നത്.

അന്താരാഷ്ട്ര ഡോളര്‍ വില വര്‍ദ്ധനയും രൂപയുടെ എക്കാലത്തേയും തകര്‍ച്ചയിലും സ്വര്‍ണ്ണം വീണ്ടും ഉയര്‍ച്ചയിലേക്ക് തന്നെ നീങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 2024 ഒക്ടോബര്‍ 31ന് സ്വര്‍ണത്തിന് 2790 ഡോളര്‍ എന്ന അന്താരാഷ്ട്ര സര്‍വ്വകാല റൊക്കോര്‍ഡ് വിലയാണ് ഉണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് യുഎസ് തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പിന്നീട് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് സ്വര്‍ണം 2536 ഡോളര്‍ എന്ന നിലയിലേക്കാണ് കൂപ്പുക്കുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ആണ് ഇത്തരത്തില്‍ വിലയിടിഞ്ഞ് സ്വര്‍ണം വിപണിയില്‍ മങ്ങലേല്‍പ്പിച്ചത്.

പുത്തന്‍ വര്‍ഷത്തില്‍ സ്വര്‍ണം തിളക്കമാര്‍ന്ന തുടക്കമാണ് വിപണിയില്‍ കാഴ്ചവെച്ചത്. 2025-ല്‍ തുടക്കത്തില്‍ തന്നെ സ്വര്‍ണ്ണം വീണ്ടും തിളക്കമാര്‍ന്ന് 2701 ഡോളറിലേക്ക് എത്തിയിരുന്നു. ഇന്ന് ഈ സമയം അന്താരാഷ്ട്ര വിപണിയില്‍ 2697 ഡോളറിലാണ് സ്വര്‍ണ വിനിമയം തുടരുന്നത്. ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നതോടെ ഒരു പക്ഷേ സ്വര്‍ണ വില ഇടിയാന്‍ സാധ്യതയുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു. 2636 ഡോളറിലേക്കു സ്വര്‍ണ്ണത്തിന് വന്‍ ഇടിവ് സംഭവിക്കാനുള്ള സാധ്യതയാണ് AKGSMA, കാണുന്നത്. വന്‍ വില കയറ്റത്തിനുള്ള സാധ്യതയും സ്വര്‍ണവ്യാപാരികളുടെ സംഘടന തള്ളിക്കളയുന്നില്ല.