രണ്ട്‌ നിലകളിലായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം; ഫാഷന്‍, ഭക്ഷണം, വിനോദത്തിനും പ്രത്യേക സ്ഥലങ്ങള്‍; കോട്ടയത്തിന് ക്രിസ്മസ് സമ്മാനം; ലുലു മാള്‍ ഇന്നു തുറക്കും

മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ ലുലു മാള്‍ കോട്ടയത്ത് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. കോട്ടയത്തിനുള്ള ക്രിസ്മസ് സമ്മാനമായി എം.സി. റോഡരികില്‍ മണിപ്പുഴയില്‍ ലുലു മാള്‍ നിര്‍മിച്ചിരിക്കുന്നത്.

ഫാഷന്‍, ഭക്ഷണം, വിനോദം എന്നിവയുടെ സമ്മിശ്ര അനുഭവമാണ് ലുലു കോട്ടയത്ത് ഒരുക്കുന്നത്. രണ്ട്‌നിലകളിലായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാളാണ് സജ്ജമായത്. പുതിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ മുതല്‍ പ്രീമിയം അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ വരെ ഒറ്റക്കുടക്കീഴില്‍ ലഭിക്കും.

ഹൈപ്പര്‍ മാര്‍ക്കറ്റ്, ബീഫ് സ്റ്റാള്‍, ഇന്‍ഹൗസ് ബേക്കറി, ഹൗസ് കിച്ചണ്‍, ലുലു ഫാഷന്‍, ലുലു കണക്ട് മുതലായവയാണ് ശ്രദ്ധാകേന്ദ്രം. എസ്.ഡബ്‌ളിയു.എ.ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, മാമാ എര്‍ത്ത് എന്നിവയുള്‍പ്പെടെ 20 പ്രമുഖ ബ്രാന്‍ഡുകളുടെ ഷോറൂമുകളും ചിക്കിംഗ് ഉള്‍പ്പെടെ ഏഴ് പാചക ബ്രാന്‍ഡുകളും മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി പോലുള്ള ജനപ്രിയ റെസ്റ്റോറന്റുകളും ഒരുക്കിയിട്ടുണ്ട്.

രാവിലെ 11.30- ന് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം. എ. യൂസഫ് അലി ആമുഖപ്രഭാഷണം നടത്തും. വൈകീട്ട് നാലു മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.