കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്രത്തിന്റെ ഡിസ്‌കൗണ്ട് വില്‍പ്പന; ലാഭമെടുപ്പ് കനത്തതോടെ ഓഹരികള്‍ കൂപ്പ്കുത്തി; കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടം നഷ്ടമായി

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ അഞ്ചു ശതമാനം ഓഹരി കേന്ദ്ര സര്‍ക്കര്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ തിരിച്ചടി. ഓഫര്‍ ഫോര്‍ സെയില്‍ വഴി ഇന്നും നാളെയുമായി ഓഹരി വില്‍പ്പന നടത്താനാണ് തീരുമാനം. 2.5% ഓഹരികളാണ് കേന്ദ്രം ഒഎഫ്എസ് വഴി വില്‍ക്കുക. അതായത് 65.77 ലക്ഷം ഓഹരികള്‍ ഒഎഫ്എസ് വഴി വിറ്റഴിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍, അധിക ഓഹരികള്‍ വിറ്റഴിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ‘ഗ്രീന്‍ ഷൂ’ ഓപ്ഷന്‍ പ്രയോജനപ്പെടുത്തി 2.5% ഓഹരികള്‍ കൂടി വിറ്റഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്ന് 81 രൂപയാണ് ഒരു ഓഹരിയില്‍ ഇടിഞ്ഞത്. അടുത്തകാലത്ത് താഴേക്ക് ഇറങ്ങികൊണ്ടിരുന്ന ഷിപ്പ്യാര്‍ഡിന് പുതിയ തീരുമാനവും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ഇതുവഴി 2000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 1,540 രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. 2017ല്‍ പ്രാരംഭ ഓഹരി വില്‍പന നടത്തുന്നതുവരെ കൊച്ചി കപ്പല്‍ശാലയുടെ 100% ഓഹരികളും കേന്ദ്രത്തിന്റെ പക്കലായിരുന്നു. ഐപിഒയ്ക്ക് ശേഷം ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് താഴെയെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം 72.86% ഓഹരി പങ്കാളിത്തമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്രത്തിനുള്ളത്.

ഇക്കഴിഞ്ഞ ജൂലൈ 8ന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളുടെ എക്കാലത്തെയും ഉയര്‍ന്ന വില. അന്ന് വിപണിമൂല്യം 70,000 കോടി രൂപയും ഭേദിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടവും ഒരുവേള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ലാഭമെടുപ്പ് കനത്തതോടെ ഓഹരി വില പിന്നോട്ടിറങ്ങി. നിലവില്‍ വിപണിമൂല്യം 44,013 കോടി രൂപയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നുമാണ്. വിദേശത്ത് നിന്നുള്ളത് ഉള്‍പ്പെടെ ഏകദേശം 22,500 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കൈവശമുണ്ട്.