മുൻ പാകിസ്ഥാൻ കളിക്കാർ നിലവിലെ ക്രിക്കറ്റ് കളിക്കാരെയോ രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസങ്ങളെക്കുറിച്ചോ അഭിപ്രായങ്ങൾ പറയുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. വർഷങ്ങളായി ഈ രീതി തുടരുമ്പോൾ തങ്ങൾ കളിച്ചിരുന്ന കാലവുമായിട്ടുള്ള താരതമ്യമോ തങ്ങൾ മുൻ താരങ്ങളിൽ നിന്ന് നേരിട്ട അപമാനത്തെകുറിച്ചോ ഉള്ള വെളിപ്പെടുത്തലുകളോ ആണ് കൂടുതലായി കളിക്കാർ പറയുക. ഇപ്പോഴിതാ മുൻ പാകിസ്ഥാൻ ഉമർ അക്മൽ തന്റെ മുൻ പരിശീലകനും ഇതിഹാസവുമായ വഖാർ യൂനിസിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
“വഖാർ യൂനിസ് എപ്പോഴും എന്റെ പിന്നാലെ ആയിരുന്നു. ഒരു പരിശീലന സെഷനിൽ ഞാൻ ഒരു ഫോറോ സിക്സോ അടിക്കുകയാണെങ്കിൽ, ടെസ്റ്റ് ക്രിക്കറ്റിനെ ടി20 ഫോർമാറ്റ് പോലെ കണക്കാക്കുന്നതിന് അദ്ദേഹം എന്നെ ശകാരിച്ചു. ഒരു മത്സരത്തിനിടെ ഞാൻ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തപ്പോൾ, ടെസ്റ്റ് ക്രിക്കറ്റിൽ ഏകദിന ക്രിക്കറ്റ് കളിക്കുന്നത് നിർത്താൻ എന്നോട് പറഞ്ഞു. ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് എങ്ങനെ കളിക്കുന്നുവെന്ന് നോക്കൂ. മത്സരങ്ങൾ മൂന്നോ നാലോ ദിവസം മാത്രമാണ് നീണ്ടുനിൽക്കുന്നത്” അദ്ദേഹം പറഞ്ഞു.
ഉമർ, കമ്രാൻ, അദ്നാൻ എന്നീ മൂന്ന് അക്മൽ സഹോദരന്മാർ പാകിസ്ഥാന് വേണ്ടി കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. “വഖാർ പറയുന്നത് ഞാൻ കേട്ടു, “ഈ മൂന്ന് പേരും ക്രിക്കറ്റ് കളിക്കുമോ? ഒരു ഹെഡ് കോച്ചിൽ നിന്നുള്ള ഏത് തരത്തിലുള്ള പ്രസ്താവനയാണിത്?” താരം പഴയ കാര്യം ഓർത്ത് പറഞ്ഞു.
വഖാറിന് തന്റെ ഷൂസിലും സൺഗ്ലാസുകളിലുമാണ് കൂടുതൽ താൽപ്പര്യമെന്നും ഉമർ പറഞ്ഞു. “എന്റെ ഷൂസിലും സൺഗ്ലാസിലും ആയിരുന്നു അദ്ദേഹത്തിന് താത്പര്യം. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അത്തരം കാര്യങ്ങളിലാണ് അദ്ദേഹത്തിന് കൂടുതൽ താൽപ്പര്യം ഉണ്ടായിരുന്നത്.”
വഖാർ പരിശീലകനായിരുന്നപ്പോൾ തന്നെ പിന്തുണച്ചതിന് മുതിർന്ന കളിക്കാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. “വഖാറിന്റെ പ്രസ്താവനകൾ അവഗണിക്കാൻ മുതിർന്ന കളിക്കാർ എന്നോട് പറഞ്ഞു. എന്റെ സ്വാഭാവിക കളി കളിക്കാൻ അവർ എന്നെ പ്രേരിപ്പിച്ചു.”
16 ടെസ്റ്റുകളിലും 121 ഏകദിനങ്ങളിലും 84 ടി20 മത്സരങ്ങളിലും അക്മൽ പാകിസ്ഥാനെ പ്രതിനിധീകരിച്ചു.