പുത്തന്‍ പരിഷ്‌കാരവുമായി ഫുഡ് ഡെലിവെറി കമ്പനി സൊമാറ്റോ. കമ്പനിയുടെ പേര് ഔദ്യോഗികമായി മാറ്റിക്കൊണ്ടാണ് പുത്തന്‍ പരിഷ്‌കാരം. കമ്പനിയുടെ പേര് ‘സൊമാറ്റോ ലിമിറ്റഡ്’ എന്നതില്‍ നിന്ന് ‘എറ്റേണല്‍ ലിമിറ്റഡ്’ ആയി മാറ്റാന്‍ അംഗീകാരം നല്‍കി കമ്പനി ഡയറക്ടര്‍ ബോര്‍ഡ്. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
സൊമാറ്റോ സിസിഇഒ ദീപീന്ദര്‍ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തിലാണ് പേര് മാറ്റാന്‍ അംഗീകാരം ലഭിച്ചതായി അറിയിച്ചത്. ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും. എന്നാല്‍ സ്റ്റോക്ക് ടിക്കര്‍ സൊമാറ്റോയില്‍ നിന്ന് എറ്റേണലിലേക്ക് മാറും. സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലില്‍ ഉള്‍പ്പെടും.
Read more
ഡിസംബര്‍ 23 ന് സൊമാറ്റോ ബിഎസ്ഇ സെന്‍സെക്‌സില്‍ ഇടംപിടിച്ചിരുന്നു. സെന്‍സെക്‌സില്‍ ഇടം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനി കൂടിയാണ് സൊമാറ്റോ. ഓഹരി ഉടമകള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, കമ്പനിയുടെ കോര്‍പ്പറേറ്റ് വെബ്സൈറ്റ് സൊമാറ്റോ ഡോട്ട് കോമില്‍ നിന്ന് എറ്റേണല്‍ ഡോട്ട് കോമിലേക്ക് മാറും.