കോടികളുടെ തട്ടിപ്പ് ആരോപണം നിലനില്‍ക്കേ മലയാളിയും ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെയാണ് ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നുവെന്നുള്ള വിവരം പുറത്തായിരിക്കുന്നത്. നേരത്തെ തന്നെ ബൈജു രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി. നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് എല്ലാവരെയും കബളിപ്പിച്ച് ബൈജൂസ് രാജ്യം വിട്ടതെന്നുള്ള വാര്‍ത്തകള്‍ വരുന്നത്.
ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയുംകുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
അതേസമയം ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് നീക്കം ചെയ്യാനായി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ മീറ്റിംഗില്‍ ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല. എന്നാല്‍ മീറ്റിംഗിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ വിധി വരുന്നതുവരെ നിക്ഷേപകരുടെ മീറ്റിംഗില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
ഓഡിറ്റിന്റെ ഭാഗമായി 2022 സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കമ്പനിയുടെ നഷ്ടത്തിന്റെ ആഴം എല്ലാവര്‍ക്കും വ്യക്തമായത്.
ബൈജൂസിന്റെ മൊത്തം വരുമാനം ഉയര്‍ന്നങ്കിലും കടം കുതിച്ച് ഉയര്‍ന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കുന്നത്. 2022ല്‍ ബൈജൂസിന്റെ പ്രവര്‍ത്തന വരുമാനം 5,014 കോടി രൂപയായിരുന്നു. അതേവര്‍ഷം നഷ്ടം 8,370 കോടി രൂപയായി ഉയര്‍ന്നു.
കമ്പനിയുടെ മൊത്ത വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 2,428.3 കോടി രൂപയില്‍ നിന്ന് 2022 ആയപ്പോഴേക്കും 5,298.4 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 119 ശതമാനം വര്‍ധനയാണ് ഉണ്ടായത്.നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 80 ശതമാനം വര്‍ധിച്ചു.
മൊത്ത വരുമാനം 2.2 മടങ്ങ് വര്‍ധിച്ചതില്‍ കമ്പനി തൃപ്തരാണെങ്കിലും , 45 ശതമാനം നഷ്ടത്തിലേക്ക് സംഭാവന ചെയ്യുന്ന വൈറ്റ്ഹാറ്റ് ജൂനിയര്‍, ഒഎസ്എംഒ പോലുള്ള മോശം ബിസിനസ്സുകളെക്കുറിച്ചും ബോധവാന്മാരാണെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ പ്രവര്‍ത്തന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ബൈജൂസ് 120 മില്യണ്‍ ഡോളറിന് ഏറ്റെടുത്ത പാലോ ആള്‍ട്ടോ അധിഷ്ഠിത വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ വൈറ്റ് ഹാറ്റ് ജൂനിയറും ഓസ്‌മോയും ഒഴികെ, 2022 സാമ്പത്തിക വര്‍ഷം 21 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത വരുമാനത്തില്‍ കമ്പനി മൂന്നിരട്ടി വളര്‍ച്ച കൈവരിച്ചു. എബിറ്റ്ഡ 163 ശതമാനത്തില്‍ നിന്ന് 78 ശതമാനമായി മെച്ചപ്പെട്ടു.
അതേസമയം, പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെ ജീവനക്കാരുടെ നോട്ടീസ് പിരീഡ് എഡ്ടെക് കമ്പനിയായ ബൈജൂസ് കുറച്ചു. സീനിയോറിറ്റി ലെവലിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പിരീഡ് 15-60 ദിവസങ്ങളില്‍ നിന്ന് 15-30 ദിവസമായാണ് കുറയ്ക്കുന്നത്. ലെവല്‍ 1 മുതല്‍ 3 വരെയുള്ള റോളുകള്‍ക്ക് (എക്സിക്യൂട്ടീവുകള്‍, അസോസിയേറ്റ്സ്, സ്‌പെഷ്യലിസ്റ്റുകള്‍ ) 15 ദിവസമാണ് നോട്ടീസ് പിരീഡ്. ലെവല്‍ 4 മുതല്‍ മുകളിലേക്കുള്ള ജീവനക്കാരുടെ നോട്ടീസ് പിരീഡ് 30 ദിവസവുമാക്കി. നേരത്തെ ഇത് അറുപത് ദിവസമായിരുന്നു.
ഇ മെയിലിലൂടെയാണ് വിവരം ജീവനക്കാരെ അറിയിച്ചത്. സെപ്റ്റംബറില്‍ സിഇഒ അര്‍ജുന്‍ മോഹന്‍ നടത്തിയ പുനഃസംഘടനയെത്തുടര്‍ന്ന് 4500ലധികം ജോലികള്‍ കമ്പനിയില്‍ വെട്ടിക്കുറച്ചിരുന്നു. ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ടാണ് നടപടി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലൈനില്‍ ലേണില്‍ 13,000-14,000 വരെ ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ഇതില്‍ ആയിരത്തിലധികം ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുടങ്ങിക്കിടക്കുന്ന ശമ്പളം കൊടുത്തുതീര്‍ത്തെങ്കിലും ബൈജൂസില്‍ സാമ്പത്തിക ഞെരുക്കം തുടരുകയാണ്.
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും കടം വീട്ടാനും സാമ്പത്തിക പ്രതിസന്ധി അകറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബൈജൂസ് . ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് കമ്പനി.
Read more
ശമ്പളം കൊടുക്കാനായി ബൈജു തന്റെ വീടുകള്‍ പണയം വെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്‌സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്. യു.എസ് ആസ്ഥാനമായുള്ള കുട്ടികളുടെ ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്ഫോം ഏകദേശം 400 മില്യണ്‍ ഡോളറിന് വില്‍ക്കാനുള്ള ഒരുക്കവും ബൈജൂസ് നടത്തുന്നുണ്ട്.