യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വികസിത് ഭാരത് സങ്കല്‍പ യാത്ര തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് സര്‍ക്കാരിന്റെ യാത്രമാത്രമല്ല ഇത് രാജ്യത്തിന്റെ യാത്രയാണെന്നാണ്. മോദി കി ഗ്യാരന്റിയെന്ന് പറഞ്ഞു ഓരോ യോജനകള്‍ അഥവാ പദ്ധതികള്‍ തുടങ്ങുമ്പോഴും എണ്ണമില്ലാത്ത വാഗ്ദാനങ്ങളും കൊട്ടിഘോഷിക്കലും നടക്കുന്ന രാജ്യം പക്ഷേ ഇപ്പോഴും ദാരിദ്ര രേഖയുടെ താഴെയുള്ളവരുടെ എണ്ണത്തില്‍ ആശങ്കയില്ലാത്ത കാലത്തെത്തിയിട്ടില്ല. ലോകബാങ്കിന്റെ കണക്കുപ്രകാരം 2024ല്‍ 129 മില്യണ്‍ ജനങ്ങള്‍ ദാരിദ്രത്തിലാണ്. ഹംഗര്‍ ഇന്‍ഡെക്‌സ് എന്ന വിശപ്പിന്റെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം സ്വാതന്ത്രകാലത്തിന് ശേഷമുള്ള നവഇന്ത്യയില്‍ നിന്ന് വലിയ രീതിയില്‍ വ്യത്യാസപ്പെട്ടിട്ടില്ല. 127 രാജ്യങ്ങളുടെ പട്ടികയില്‍ 105ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2023ല്‍ 111ാം സ്ഥാനവും 2022ല്‍ 107ാം സ്ഥാനവുമാണ് രാജ്യത്തിനുണ്ടായത്.

സ്വാതന്ത്രാനന്തരം രാജ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി ഉണ്ടായിരുന്നവ വിശപ്പും പാര്‍പ്പിടവും വസ്ത്രവും ജോലിയുമായിരുന്നു. സ്വാതന്ത്രാനന്തരം 75 വര്‍ഷങ്ങള്‍ക്കിപ്പുറവും രാജ്യത്തെ പ്രധാന പദ്ധതികളെല്ലാം ഇവ ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളത് തന്നെയാണ്. പ്രധാനമന്ത്രിമാരുടെ പേരില്‍ നിരവധി പദ്ധതികള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലം തൊട്ടേ രാജ്യത്തുണ്ടായിട്ടുണ്ട്. പല പദ്ധതികളും രാജ്യത്തെ അവസ്ഥയില്‍ മാറ്റമുണ്ടാക്കുന്ന തരത്തില്‍ വിജയവും കണ്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്ത് മോദി ഗ്യാരന്റിയെന്ന് ഉറക്കെ പറഞ്ഞു കൊണ്ട് തന്നെ പല പദ്ധതികളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. പ്രധാന്‍മന്ത്രി ആവാസ് യോജനയും ഗരീബ് കല്യാണ്‍ രോസ്ഗര്‍ യോജനയും അടക്കം പട്ടിണിയും പരിവട്ടവും പാര്‍പ്പിടമില്ലായ്മയും ഇല്ലാതാക്കാനുള്ള പദ്ധതികളാണേറയും. ഇത്രയെല്ലാമായിട്ടും വികസിത ഇന്ത്യയുടെ കാര്യത്തില്‍ പ്രധാനവെല്ലുവിളികള്‍ ഇന്നും ഈ അടിസ്ഥാന പ്രശ്‌നങ്ങള്‍ തന്നെയാണ്. ദാരിദ്രത്തിന്റേയും വിശപ്പിന്റേയും പട്ടികയില്‍ അയല്‍ രാജ്യങ്ങളിലേത് പോലെ അവര്‍ക്കൊപ്പം പൊങ്ങിയും താഴ്ന്നും ലോകപട്ടികയില്‍ വലിയ മാറ്റമില്ലാതെ രാജ്യം തുടരുന്നു.

അപ്പോള്‍ ഉയരുന്ന ചോദ്യമാണ് കൊട്ടിഘോഷിക്കപ്പെടുന്ന പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് ഗുണം ചെയ്യുന്നുണ്ടോയെന്ന്?. പട്ടിണിപാവങ്ങളുടേയും തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവത്വത്തിന്റേയും എണ്ണം രാജ്യത്തെ ആശങ്കയിലാക്കുമ്പോള്‍ ആര്‍ക്കാണ് ഭരണകൂടം പറയുന്ന പുരോഗതി ഉണ്ടാവുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. അര്‍ഹരായവരേക്കാള്‍ അനര്‍ഹര്‍ ഈ പദ്ധതികളില്‍ നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നതാണ് പല പദ്ധതികളും ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുന്നതിന് പിന്നില്‍. കഴിഞ്ഞ കുറച്ചുനാളുകള്‍ക്കിടയില്‍ ഉയര്‍ന്ന് കേട്ട പലപരാതികളും രാജ്യത്തെ പ്രധാന പദ്ധതികളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇന്നും അത്തരത്തിലൊന്ന് പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു. വിവാഹിതരായ സ്ത്രീകള്‍ക്കായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ തട്ടിപ്പെന്നും നടി സണ്ണി ലിയോണിന്റെ പേരില്‍ അക്കൗണ്ട് തുറന്ന് തട്ടിപ്പ് സംഘം മാസം 1,000 രൂപ വീതമാണ് കൈക്കലാക്കിയതെന്നുമാണ് ആ വാര്‍ത്ത. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിയായ മഹ്താരി വന്ദന്‍ യോജനയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ നിരവധി സ്ത്രീകള്‍ക്ക് ഒരു തുക ലഭിക്കുന്നതിന് ഇടയിലാണ് ഇത്തരത്തില്‍ തുക നിക്ഷേപിച്ച അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിന്റെ പേരിലാണെന്ന വിവരം പുറത്തുവരുന്നത്. തട്ടിപ്പ് നടത്തിയ ആളേയും ഇപ്പോള്‍ പിടികൂടിയിട്ടുണ്ട്.

ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടേയും കേന്ദ്രസര്‍ക്കാരിന്റേയും പല വമ്പന്‍ പദ്ധതികളിലടക്കം അട്ടിമറി നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് നേരത്തേയും വന്നിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ 3.42 ലക്ഷം വ്യാജകേസുകളാണ് കണ്ടെത്തിയതെന്നാണ് പാര്‍ലമെന്റില്‍ വെച്ച കണക്ക്. ഇതില്‍ 56,000 ആവശ്യമില്ലാത്ത ശസ്ത്രക്രിയകളും ഉണ്ടായിരുന്നുവത്രേ. ഗുജറാത്തിലെ നാല് ആശുപത്രികള്‍ക്കെതിരെയാണ് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കേസെടുക്കേണ്ടി വന്നത്.

പ്രധാന്‍മന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട് 120 കോടി രൂപയുടെ ക്രമക്കേടാണ് ആന്ധ്രയിലെ നെല്ലോര്‍ ഹൗസിങ് ബോര്‍ഡ് ഡിപ്പാര്‍ട്‌മെന്റ് നടത്തിയത്. 300 ഉദ്യോഗസ്ഥരാണ് കുംഭകോണത്തിന് പിന്നില്‍. തമിഴ്‌നാട്ടിലും പ്രധാന്‍മന്ത്രി ആവാസ് യോജനയിലെ തട്ടിപ്പിന് 50 ഉദ്യോഗസ്ഥര്‍ പിടിയിലായി. ഡല്‍ഹിയില്‍ ഇതേ പദ്ധതിയുമായി ബന്ധപ്പെട്ട് ഏജന്റുമാര്‍ തട്ടിപ്പുനടത്തിയത് ഇന്ത്യ ടുഡേ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടിലൂടെ ലോകത്തെ അറിയിച്ചിരുന്നു. എല്ലാവരിലേക്കും ഗ്യാസ് സിലണ്ടര്‍ എത്തിക്കാന്‍ തുടങ്ങിയ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ നാലില്‍ ഒരാള്‍ എന്ന കണക്കില്‍ ഒറ്റ സിലണ്ടര്‍ പോലും എടുക്കുന്നില്ലെന്നും അല്ലെങ്കില്‍ ഒരു സിലണ്ടര്‍ റീഫില്‍ മാത്രമാണ് എടുക്കുന്നതെന്നുമാണ് 2022-23 സാമ്പത്തിക വര്‍ഷത്തിലെ കണക്ക്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ 540 കോടി രൂപ മുടക്കി ഉണ്ടാക്കിയ 4.5 ലക്ഷം ശൗചാലയങ്ങള്‍ കാണ്മാനില്ലെന്ന വാര്‍ത്ത വന്നത് 2020ലാണ്. 540 കോടിയുടെ കുംഭകോണം. പേപ്പറുകളില്‍ ടോയ്‌ലറ്റ് നിര്‍മ്മിച്ചുവെന്ന് കാണിച്ച് സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകളില്‍ അയല്‍വീടുകളിലെ ശുചിമുറി കാണിച്ച് 540 കോടി തട്ടിച്ച് സുഖജീവിതം നയിച്ചവര്‍ക്ക് സര്‍ക്കാര്‍ പദ്ധതി കൊണ്ട് ഗുണമുണ്ടായി. ഉത്തര്‍പ്രദേശിലെ വാരണാസിയിലും ഇത്തരത്തില്‍ കാണാതായ മൂത്രപ്പുരകളുണ്ട്.

ഇത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട യോജനകള്‍ വഴി തട്ടിപ്പ് നടത്തുന്നവര്‍ക്ക് നേട്ടമുണ്ടാകുമ്പോള്‍ അടിസ്ഥാന വര്‍ഗം പടിക്ക് പുറത്തുനില്‍ക്കുകയാണ്. ഒരു സര്‍ക്കാര്‍ തങ്ങളുടെ പദ്ധതികള്‍ ലോഞ്ച് ചെയ്ത് ബ്രാന്‍ഡായി ആഘോഷിക്കുമ്പോള്‍ അത് മൂലം എത്ര ജീവിതങ്ങള്‍ മാറിയെന്നും എത്രത്തോളം കുറ്റമറ്റതായി ആ പദ്ധതി നടപ്പാക്കുന്നുവെന്നും വീക്ഷിക്കേണ്ടിയിരിക്കുന്നു. കേന്ദ്രം ഒരു രൂപ മുകളില്‍ നിന്ന് താഴേക്ക് വിടുമ്പോള്‍ അതില്‍ 20 പൈസ പോലും താഴേക്കിടയില്‍ എത്തുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിടത്ത് നിന്ന് രാജ്യം എത്ര മാറിയിട്ടുണ്ടെന്നതാണ് ചോദ്യം. കൊട്ടിഘോഷിക്കപ്പെടുന്നതിനപ്പുറം എത്ര കുറ്റമറ്റതായി താഴേക്കിടയിലുള്ളവര്‍ക്ക് പദ്ധതി പ്രയോജനപ്പെട്ടുവെന്നതും. രാഷ്ട്രീയമായി ബ്രാന്‍ഡ് ചെയ്യപ്പെടുന്ന പല പദ്ധതികളും നേതാക്കളുടെ പേരിന് ഗുണം ചെയ്യുന്നതിനപ്പുറം അടിത്തട്ടിലെന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്. നമ്മള്‍ തുടങ്ങിയ ഇടത്ത് തന്നെ ഇപ്പോഴും ഭക്ഷണം-വസ്ത്രം-പാര്‍പ്പിടം-തൊഴില്‍ എന്നിടത്ത് തന്നെ അടിസ്ഥാനമായി നില്‍ക്കുമ്പോള്‍ എത്ര പുരോഗമനമാണ് വായ്ത്താരിയായി മാത്രം മുഴങ്ങുന്നത്.