വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി

കേരളം ആസ്ഥാനമായുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ എസ്ബിഐ.യുമായി ചേര്‍ന്ന് കോ-ലെന്‍ഡിങ് പങ്കാളിത്തത്തില്‍. ഇതിന്റെ ഭാഗമായി എസ്ബിഐ. 500 കോടി രൂപ അനുവദിച്ചു. 100 കോടി രൂപ വീതം ഘട്ടങ്ങളായാവും തുക നല്‍കുക.

കുറഞ്ഞ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കരാര്‍ പ്രകാരം, കാര്‍ഷിക-അനുബന്ധ പ്രവര്‍ത്തനങ്ങളിലും, മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎല്‍ജി) അംഗങ്ങള്‍ക്ക് മുത്തൂറ്റ് മൈക്രോഫിനും എസ്ബിഐയും ചേര്‍ന്ന് വായ്പ നല്‍കും.

അര്‍ഹരായ വനിതാ ഉപഭോക്താക്കള്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക. ഗ്രാമീണ സംരംഭകര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ചെറിയ ബിസിനസ് നടത്തുന്ന വനിതകള്‍ക്ക്, അവരുടെ ബിസിനസ് വളര്‍ത്താനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാനാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവില്‍ 20 സംസ്ഥാനങ്ങളിലായി 369 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് മൈക്രോഫിന്‍ രാജ്യവ്യാപകമായി സേവനങ്ങള്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്ബിഐയുമായുള്ള സഹകരണത്തിലൂടെ സമൂഹങ്ങളിലെ മുഴുവന്‍ പേരിലേക്കും സാമ്പത്തികസേവനങ്ങള്‍ എത്തിക്കാനും സ്വയം പര്യാപ്തരാക്കാനും ഇതുവഴി സാധിക്കും.

എസ്ബിഐയുമായുള്ള ഈ സഹകരണം വഴി വനിതാ സംരംഭകര്‍ക്ക് താങ്ങാനാവുന്ന വിധത്തിലുള്ള വായ്പകള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സി.ഇ.ഒ. സദാഫ് സയീദ് പറഞ്ഞു.