ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

യഥാർത്ഥ സൗന്ദര്യത്തിന് പ്രായം ഒരു തടസമല്ല… സൗന്ദര്യമത്സരങ്ങളിലെ പരമ്പരാഗത രീതികളെയെല്ലാം തകർത്തെറിഞ്ഞ് ബ്യൂണസ് ഐറിസിന്റെ വിശ്വസുന്ദരിയായി മാറിയിരിക്കുകയാണ് അറുപതു വയസുകാരിയായ അലക്‌സാന്ദ്ര മരീസ റോഡ്രിഗ്വസ്. സൗന്ദര്യ മത്സരങ്ങൾക്ക് പ്രായം ഒരു തടസമല്ല എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ അലക്‌സാന്ദ്ര ഒരു അഭിഭാഷകയും പത്രപ്രവർത്തകയും കൂടിയാണ്. സൗന്ദര്യ മത്സരങ്ങൾ സ്വപ്നം കാണുന്ന ഏതൊരാൾക്കും പ്രചോദനമാകുന്ന വിജയമാണ് അലക്‌സാന്ദ്ര നേടിയിരിക്കുന്നത്.

അർജന്റീനിയൻ പ്രവിശ്യയായ ബ്യൂണസ് ഐറിസിൽ ബുധനാഴ്ച നടന്ന 2024ലെ മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസ് പട്ടമാണ് അലക്‌സാന്ദ്ര സ്വന്തമാക്കിയത്. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള 18 മുതൽ 73 വയസ്സുവരെയുള്ള മത്സരാർത്ഥികൾക്കെതിരായ അവസാന ദിവസത്തെ മത്സരത്തിൽ 35 സ്ഥാനാർത്ഥികളെ പിന്തള്ളിയാണ് അലക്‌സാന്ദ്ര ഈ ചരിത്ര വിജയം നേടിയത്. 73 കാരിയായ ഐറിസ് അലിയോട്ടോയാണ് മത്സരത്തിലെ റണ്ണറപ്പ്.

1963-ൽ ലാ പ്ലാറ്റയിൽ ജനിച്ച അലക്‌സാന്ദ്ര, ബ്യൂണസ് ഐറിസിന് 40 കിലോമീറ്റർ പടിഞ്ഞാറുള്ള ബ്രാൻഡ്‌സെണിലാണ് വളർന്നത്. UNLPയിൽ ജേണലിസം പഠിച്ച ശേഷം അഭിഭാഷകയായി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അലക്‌സാന്ദ്ര ജേർണലിസത്തിൽ ഒരു കരിയർ ആരംഭിച്ചത്. പിന്നീട് കുടുംബകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുകയും ഒരു ആശുപത്രിയിൽ കൺസൾട്ടൻ്റായി ജോലി ചെയുകയും ചെയ്തു.

കഴിഞ്ഞ 30 വർഷമായി അവിടെ ജോലി ചെയ്യുകയാണ് അലക്‌സാന്ദ്ര. ഇതുകൂടാതെ, നല്ലൊരു യാത്രാ പ്രേമി കൂടെയാണ് അലക്‌സാന്ദ്ര എന്ന് ഇവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പരിശോധിച്ചാൽ മനസിലാകും. മാത്രമല്ല, പൂച്ചകളെ സ്നേഹിക്കുന്ന അലക്‌സാന്ദ്രയ്ക്ക് നോർവീജിയൻ ഫോറസ്റ്റ് ബ്രീഡ് ഉൾപ്പെടെ നിരവധി പൂച്ചകളും കൂട്ടിനുണ്ട്.

1958 മുതൽ തുടർന്നിരുന്ന 18-28 എന്ന പ്രായപരിധി വിശ്വസുന്ദരി മത്സരത്തിൽ നിന്നും കഴിഞ്ഞ വർഷമാണ് ഒഴിവാക്കിയത്. പ്രായപരിധിയിൽ മാറ്റം വരുത്തിയതിനാൽ ഈ വർഷം അലക്‌സാന്ദ്രയ്ക്ക് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഈ വിജയത്തോടെ മേയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് അർജന്റീന മത്സരത്തിൽ അലക്‌സാന്ദ്ര ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിച്ച് മത്സരിക്കും. ഇതിലും വിജയം നേടുകയാണെങ്കിൽ 2024 സെപ്റ്റംബറിൽ മെക്‌സിക്കോയിൽ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് വേൾഡ് മത്സരത്തിൽ അർജന്റീനയെ പ്രതിനിധീകരിക്കാനും അലക്‌സാന്ദ്രയ്ക്ക് സാധിക്കും.

‘ശാരീരികമായ അളവുകൾ മാത്രമല്ല സൗന്ദര്യം എന്നതിന്റെ ഉദാഹരണമാണ് എന്റെ വിജയം. പുതിയൊരു തുടക്കം കുറിക്കാനായതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ ആവേശത്തിലാണ്.’എന്നാണ് അലക്‌സാന്ദ്ര പറയുന്നത്. ‘ആരോഗ്യകരമായ ജീവിതം നയിക്കുക, നന്നായി ഭക്ഷണം കഴിക്കുക, ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുക എന്നതാണ് അടിസ്ഥാന കാര്യം,” എന്നും അലക്‌സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

അറുപതാം വയസ്സിലെ അലക്‌സാന്ദ്രയുടെ വിജയം ഒരു ചരിത്ര നിമിഷത്തെ തന്നെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. സദാ ചിരിച്ചുകൊണ്ട് നിൽക്കുന്ന അലക്‌സാന്ദ്രയുടെ ആകർഷകമായ പെരുമാറ്റവും വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഹൃദയം കവർന്ന മികച്ച പ്രകടനവും സൗന്ദര്യ മത്സരങ്ങൾ സ്വപ്നം കാണുന്ന ഏതൊരാൾക്കും പ്രചോദനമാണ്.

ഇത്തരമൊരു അഭിമാനനേട്ടം സ്വന്തമാക്കിയ അലക്‌സാന്ദ്രയുടെ വിജയം ആഘോഷിക്കുകയാണ് ലോകം ഇപ്പോൾ. കാരണം സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു അറുപതുകാരി ഇത്തരത്തിൽ കിരീടം അണിയുന്നത്. സൗന്ദര്യ പട്ടം നേടിയ അലക്‌സാന്ദ്രയുടെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി കഴിഞ്ഞു. എന്തായാലും പ്രായം ഒരു തടസമായി കണ്ട് തങ്ങളുടെ കഴിവുകളെ പുറത്തെടുക്കാതെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ഏതൊരു സ്ത്രീയ്ക്കും ഒരു നല്ല മാതൃക തന്നെയാണ് അലക്‌സാന്ദ്ര എന്ന് നിസംശയം പറയാനാകും.