മൂന്നിലൊന്നായി വിലയിടിഞ്ഞു വൈരക്കല്ലുകള്‍; വില്‍പനയിലും മാന്ദ്യം; വിലയിടിവിന് പിന്നില്‍ ലാബില്‍ നിന്നെത്തിയ കല്ലുകള്‍?

ലാബിൽ വളർത്തിയെടുത്ത വൈരക്കല്ലുകൾ കുറഞ്ഞ വിലയിൽ ലോകവിപണിയിലെത്തിയതോടെ ഖനികളിൽ നിന്നും കുഴിച്ചെടുക്കുന്ന സ്വാഭാവിക വൈരക്കല്ലുകൾക്ക് വിലയിടിയുന്നു. വിപണിയിൽ മൂന്നിലൊന്നായാണ് വൈരക്കലുകളുടെ വില ഇടിഞ്ഞത്. ഇതോടെ വില്‍പനയിലും മാന്ദ്യം അനുഭവപെട്ടു. ഒരു വർഷത്തിനകം ഏകദേശം 30% മുതൽ 35% വരെയാണ് വൈരക്കല്ലുകളുടെ വിലയിടിഞ്ഞത്.

വില ഇനിയും താഴാനാണ് സാധ്യത.വിപണിയിൽ മൂന്നിലൊന്നായാണ് വൈരക്കല്ലുകളുടെ വില ഇടിഞ്ഞത്. ഇതോടെ വില്‍പനയിലും മാന്ദ്യം അനുഭവപെട്ടു. വലിയ കല്ലുകൾക്കാണ് വൻ വിലയിടിവ്. ഒരു കാരറ്റിന്റെ വൈരക്കല്ലിന് മുൻപ് 8 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് വിലയുണ്ടായിരുന്നത്. എന്നാലിപ്പോൾ 6-8 ലക്ഷം വരെ വില താഴ്ന്നു. കല്ലുകളോടുള്ള ആഭിമുഖ്യം രാജ്യാന്തര വിപണികളിൽ കുറഞ്ഞത് ലാബ് കല്ലുകളെയും ബാധിച്ചിട്ടുണ്ട്. ഇതോടെ വില മൂന്നിലൊന്നായി കുറഞ്ഞു. പുനർവിൽപ്പന ഇല്ലാത്തതും ആവശ്യം കുറയാനിടയാക്കി.

സ്വാഭാവിക കല്ലുകൾക്കു വന്ന വിലയിടിവ് കാരണം ലാബ് കല്ലുകളുമായി ഇപ്പോൾ വിലയിൽ വലിയ വ്യത്യാസമില്ല. നേരത്തെ ദക്ഷിണാഫ്രിക്കയിലെ ഖനികളിൽ നിന്നുള്ള വൈരക്കല്ലുകളുടെ വിൽപന കുത്തകയാക്കിയിരുന്ന കമ്പനിയാണ് ഡീബീർസ് കമ്പനി. ഇതിന് വെല്ലുവിളിയായി റഷ്യൻ, കനേഡിയൻ ഖനികളിൽ നിന്നുള്ള വൈരക്കല്ലുകൾ വിപണിയിൽ എത്തിയതാണ് വിലയിടിവിന് തുടക്കം കുറിച്ചത്. ലാബിൽ വളർത്തുന്ന സാങ്കേതികവിദ്യയും റഷ്യയിൽ നിന്നാണ് വന്നത്.

യുഎസ് വിപണിയിൽ സ്വാഭാവിക കല്ലുകളോടുള്ള താത്പര്യം കുറയുകയും ലാബ് കല്ലുകളോടു താൽപര്യം കൂടുകയും ചെയ്തു. ചൈന ഇത്തരം കല്ലുകൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് കുറച്ചതോടെ സ്വാഭാവിക കല്ലുകളുടെ കട്ടിങ്ങും പോളിഷിങ്ങും വൻ വ്യവസായമാക്കിയ സൂറത്തിലും ഇതോടെ മാന്ദ്യകാലമായി. നേരത്തെ, ചൈന ഇറക്കുമതി ചെയ്തിരുന്നതിന്റെ 15% മാത്രമേ ഇപ്പോഴുള്ളു.

ലാബിൽ വളർത്തിയെടുത്ത കല്ലുകളുടെ വിൽപന കേരളത്തിൽ കാര്യമായി നടക്കുന്നില്ല. ചില ജ്വല്ലറികൾ വേറെ ബ്രാൻഡ് നാമത്തിൽ വിൽപന തുടങ്ങിയിട്ടുണ്ട്. വിവാഹത്തിനും മറ്റുമായി ധരിക്കുന്ന ഡയമണ്ട് നെക്‌ലെസിൽ ഉപയോഗിക്കുന്നത് ഒരു സെന്റിലും താഴെ ഭാരമുള്ള ചെറിയ കല്ലുകളാണ്. അതിനാൽ ഇതിന്റെ വിലയിൽ വലിയ മാറ്റമില്ല. മാത്രമല്ല, ഇത്തരം കല്ലുകൾ സ്വർണാഭരണശാലകളിൽ നേരത്തെ തന്നെ സ്റ്റോക്കുണ്ട്. എന്നിരുന്നാലും കേരളത്തിലെ നൂറോളം പ്രമുഖ സ്വർണക്കടകളിൽ മാസം 1.5–2 കോടിയുടെ വിൽപ്പനയാണ് നടക്കുന്നത്.