സിംഗപ്പൂരിൽ മലിന ജലം ശുദ്ധീകരിച്ച് ഉത്പാദിപ്പിക്കുന്ന ന്യൂബ്രൂ ബിയറിന് വൻ ഡിമാൻഡ്. സിംഗപ്പൂർ ദേശീയ ജല അതോറിറ്റിയായ പിയുബിയും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്‌സ് എന്ന മദ്യനിർമാണ കമ്പനിയും ചേർന്നാണ് മലിനജലം ശുദ്ധീകരിച്ചുള്ള പുതിയ ബിയർ പുറത്തിറക്കിയിരിക്കുന്നത്. 2018-ൽ നടന്ന വാട്ടർ കോൺഫറൻസിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വർഷം ഏപ്രിലിലോടെ സിംഗപ്പൂരിലെ സൂപ്പർമാർക്കറ്റുകളിലും ബ്രിവെർക്‌സിന്റെ ഔട്ട്‌ലെറ്റുകളിലും ന്യൂബ്രൂ വിൽപനക്കെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ഉപഭോക്തക്കളിൽ നിന്ന് ലഭിക്കുന്നത്.
പരിമിതമായ ശുദ്ധജല സ്രോതസുകളുള്ള രാജ്യമാണ് സിംഗപ്പൂർ. അതുകൊണ്ടു തന്നെ സുസ്ഥിര ജല ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിംഗപ്പൂർ ജനതയെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ബിയർ എന്ന് പിയുബി പറയുന്നു. സിംഗപ്പൂർ മാത്രമല്ല ഇത്തരത്തിൽ മലിന ജലം ശുദ്ധീകരിച്ച് ബിയർ നിർമിക്കുന്നത്.
സിംഗപ്പൂരിലെ ഉഷ്ണ മേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബിയറാണ് ന്യൂബ്രൂ എന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു. ഏപ്രിൽ മുതൽ വിലയ തോതിലാണ് ബിയർ വിറ്റഴിക്കപ്പെടുന്നത്. ഒരു ബാച്ച് മാത്രമാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ സൂപ്പർ മാർക്കറ്റുകളിലെ സ്റ്റോക്കുകൾ തീരുമെന്നാണ് കമ്പനി പറയുന്നത്.
Read more
സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ന്യാ കാർണഗീ ബ്രൂവറി, ബ്രൂവിങ് ഭീമൻ കാൾസ്‌ബെർഗ്, ഐവിഎൽ സ്വീഡിഷ് എൻവയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ച് ബിയർ നിർമിച്ച് പുറത്തിറക്കിയിട്ടുണ്ട്. കാനഡയിലെ വില്ലേജ് ബ്രൂവറി, കാൽഗറി സർവകലാശാലയിലെയും യുഎസ് വാട്ടർ ടെക്‌നോളജി കമ്പനിയായ സൈലെമിലെയും ഗവേഷകരുമായി സഹകരിച്ചും ബിയർ പുറത്തിറക്കിയിട്ടുണ്ട്.