ഇന്ത്യയില്‍ രാത്രികള്‍ കുറയുന്നു, കൃത്രിമ വിളക്കുകള്‍ പ്രതി, ജീവജാലങ്ങള്‍ക്കും ഭീഷണി

ഇന്ത്യയില്‍ രാത്രികള്‍ കുറയുന്നെന്ന്‌ പഠനങ്ങള്‍. കൃത്രിമ വിളക്കുകളുടെ അമിതമായ ഉപയോഗമാണ് ഇതിന് കാരണമെന്നും പ്രകാശമലിനീകരണം രാത്രികളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നുണ്ടെന്നും സയന്‍സ് അഡ്വാന്‍സസ് എന്ന പ്രസിദ്ധീകരണം പുറത്തുവിട്ട ഗവേഷണഫലം ചൂണ്ടിക്കാട്ടുന്നു. ശബ്ദമലിനീകരണം പോലെ പ്രകാശമലിനീകരണവും ഭൂമിയില്‍ വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യരുടെ മാത്രമല്ല, ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവും ജീവനും ഇത് അപകടത്തിലാക്കുന്നതായി പഠനറിപ്പേര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാനേഡിയന്‍ പ്രകൃതിശാസ്ത്രജ്ഞനായ ക്രിസ്റ്റഫര്‍ കൈബയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് സയന്‍സ് അഡ്വാന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.2012-2016 കാലയളവിലെ അഞ്ച് വര്‍ഷങ്ങളിലെ ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് കൈബ ലോകമേമ്പാടുമുള്ള പ്രകാശ മലിനീകരണത്തെ കുറിച്ച് പഠനങ്ങള്‍ നടത്തിയത്.

ഭൂരിഭാഗം മനുഷ്യര്‍ക്കും സ്വാഭാവിക രാത്രി നഷ്ടപ്പെട്ടതായി ഗവേഷണത്തിലൂടെ കണ്ടെത്തി. രാത്രികളില്‍ നഗരങ്ങള്‍ ഉണര്‍ന്നിരിക്കുന്നതിനാല്‍ കൃത്രിമ വെളിച്ചങ്ങളുടെ ഉപയോഗം കൂടിവരികയാണ്. കൃത്രിമ വെളിച്ചങ്ങളുടെ അതിപ്രസരം പ്രകാശമലിനീകരണത്തിന് കാരണമാകുന്നു. ആഗോള ശരാശരിയെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ഇന്ത്യയില്‍ രാത്രികള്‍ നഷ്ടമാകുന്നെന്ന് പഠനം തെളിയിക്കുന്നു

കൃത്രിമവെളിച്ചങ്ങള്‍ ഒട്ടനവധി ജീവികളുടെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു. രാത്രിയില്‍ പുഴുക്കളുടെയും കീടങ്ങളുടെയും സഹായത്താല്‍ നടക്കുന്ന പരാഗണം, വവ്വാലുകളുടെ സഹായത്താല്‍ നടക്കുന്ന വിത്തുവിതരണം, അണുജീവികള്‍ നടത്തുന്ന കാര്‍ബണ്‍ മിനറലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ പ്രകാശമലിനീകരണം ദോഷകരമായി ബാധിക്കുന്നു.

പ്രകാശമലിനീകരണം മനുഷ്യരില്‍ ഉറക്കക്കുറവു പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതായും പഠനം  ചൂണ്ടിക്കാട്ടുന്നു.പ്രകാശമലിനീകരണം കുറയ്ക്കാന്‍ ഇളം ചുവപ്പ്, ഇളം ഓറഞ്ച് നിറങ്ങളുള്ള എല്‍ഇഡി ഉപയോഗിക്കുന്നതാണു നല്ലതെന്നും പഠനത്തില്‍ പറയുന്നു.