പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!

സിജി അനിൽ അപ്പു

യാത്ര പെട്ടിമുടിയിലേക്കായിരുന്നു . ആദ്യമായിട്ടാണ് അവിടെയും പോകുന്നത്. രാജമലയിലൂടെ ഉള്ള യാത്രക്ക് ഒരു ആകാംഷ ഉണ്ടായിരുന്നു വരയാടുകളുടെ സംരക്ഷണ മേഖലയായ ഇരവികുളം നാഷണൽ പാർക്ക്‌. ഫോറെസ്റ്റ് വൈൽഡ് ലൈഫിന്റെ കീഴിൽ വരയാടുകളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഇരവികുളം നാഷണൽ പാർക്ക്‌. നിറയെ സഞ്ചാരികൾ ഉണ്ടായിരുന്നു അവിടെ. ആളുകൾ എത്തുന്നതനുസരിച്ചു ബസുകൾ പുറപ്പെടുന്നു രാജമലക്ക്. പോകുന്ന വഴിയിൽ ഞങ്ങൾക്കും കാണാൻ കഴിഞ്ഞു ഇടുക്കിയുടെ അഭിമാനമായ വരയാടുകളെ.

പോകുന്ന വഴികൾ എല്ലാം വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു അതുകണ്ടപ്പോൾ വനപാലകരോട് ഒരു ആരാധന തോന്നാതിരുന്നില്ല. എങ്ങും ഒരു പ്ലാസ്റ്റിക് അവശിഷ്ടം കണ്ടില്ലെന്നതാണ് ഏറ്റവും ആകർഷിച്ചത്.

പിന്നെയും കുറേ ദൂരം ചെന്നപ്പോഴാണ് കോൺക്രീറ്റ് ചെയ്ത വലിയ ഒരു ഒറ്റപെട്ട ഇടം കണ്ടത് പെട്ടിമുടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർ അന്തിയുറങ്ങുന്നിടം ആണ് അത് എന്നറിഞ്ഞതിൽ മനസ്സിൽ ഒരു നൊമ്പരം വന്നു. വീണ്ടും യാത്ര തുടർന്നു. അവിടെയുള്ളവർ എത്ര കഷ്ടപ്പെട്ടാലാണ് ഒന്നു പുറംലോകം കാണുക എന്ന ചിന്തയായിരുന്നു എന്നിൽ കൂടുതലും. അവിടെ എടുക്കുന്ന കൊളുന്തുകൾ അവിടുത്തെ ഫാക്ട്ടറിയിൽ തന്നെയാണ് തേയില ആക്കുന്നത്. സ്കൂളും ആശുപത്രിയൂമടക്കം എല്ലാം അവിടെ തന്നെയുണ്ട്. പെട്ടിമുടി ദുരന്തം ഉണ്ടായിട്ട് അറിയാൻ വൈകിയതിന്റെ കാരണം അവിടെയെത്തിയപ്പോൾ മനസിലായി. ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ജീവിക്കുന്ന കുറേ മനുഷ്യർ. സത്യത്തിൽ അവരും അറിയുന്നില്ല ചുറ്റും ഉള്ള ജീവിതങ്ങൾ എങ്ങനെയാണെന്ന്.

മലയണ്ണാനും കുരങ്ങും കരിങ്കുരങ്ങും മരത്തിലൂടെ ചാടി കളിക്കുന്നു. പുതിയതായി കമ്പനി പണിയുന്ന ലയത്തിന് സൗകര്യങ്ങൾ ഏറെ ഉണ്ട്‌. ദുരന്തം തൂത്തെടുത്ത ഒരു ലയത്തിന്റെ അവശേഷിപ്പുകളായി ഒരു മരവാതിൽ ബാക്കി നിൽക്കുന്നു. ദുരന്തം നടന്ന അന്ന് വളകാപ്പും പിറന്നാൾ ആഘോഷവും നടന്ന വീട്ടിലെ എല്ലാവരുടെയും ജീവൻ കവർന്നെടുത്തു എന്ന് കൂടെയുണ്ടായിരുന്ന ഫോട്ടോ ഗ്രാഫർ പ്രഭു പറഞ്ഞു. കാണുന്തോറും കണ്ണു നിറയുന്ന കാഴ്ചകൾ എത്രയോ പേരാണ് സന്തോഷത്തോടെ ഉറങ്ങിയത് പ്രഭാതം കാണാൻ കഴിയില്ലെന്ന് ആരും ഓർത്തിട്ടുപോലും ഉണ്ടാകില്ല. ഒരായുസ്സിൽ ഒരു നിമിഷം കൊണ്ട് വന്നുചേർന്ന മരണം. പ്രിയപെട്ടവരെ ചിലപ്പോൾ കാണാൻ സാധിച്ചിട്ടുണ്ടാകുമോ. പെട്ടന്ന് ഉണ്ടാകുന്ന യാത്രപോക്കിലെല്ലാം ഒരു നിലവിളി ഉണ്ടാകും . പക്ഷേഅന്ന് എല്ലാ നിലവിളികളും ഒന്നിച്ചായിരുന്നു എന്നുമാത്രം.

ആ കാഴ്ചകളും സംസാരവും മതിയാക്കി തിരികെ പോരാൻ മനസ് വെമ്പി. തിരികെ പോരുമ്പോൾ ആണ് കണ്ടത് സഞ്ചാരികൾക്ക് വിശ്രമിക്കാനായി രാജമലയിൽ ചൂരൽ കൊണ്ട് തീർത്ത ഇരിപ്പിടങ്ങളും പാലങ്ങളും ആർച്ചും ഒക്കെ .. നേരം വൈകിയിട്ടുപോലും തിരക്കാണ് അവിടെ. വനവിഭവങ്ങൾ വാങ്ങുന്നതിനു വേണ്ടി ഫോറെസ്റ്റ് ഔട്ട്ലെറ്റും ഉണ്ടവിടെ.

എങ്കിലും പെട്ടിമുടി മനസ്സിൽ നിന്ന് മായാതെ നിന്നു. എല്ലാ ലയങ്ങളിലും ചിരിമുഖങ്ങൾ കണ്ട എനിക്ക് അവിടെ മാത്രം നിറഞ്ഞ ചിരിമുഖങ്ങൾ കാണാൻ കഴിഞ്ഞതേയില്ല . നഷ്ടപ്പെടലിന്റെ ദുഖം അവരിൽ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടാവില്ല അതാവും. ആദുഃഖ മുഖങ്ങൾ ഇപ്പോഴും എന്റെ മനസിനെ നൊമ്പരപ്പെടുത്തികൊണ്ടേയിരിക്കുന്നു. ആ കാഴ്ചകളിൽ കണ്ണുനിറയാതെ പോരാൻ കഴിയുമോ.