Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

YOUR HEALTH

ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ആദ്യം എന്ത് ചെയ്യണം? ഡോ: ഷിംനയുടെ സെക്കന്‍ഡ് ഒപ്പീനിയന്‍

, 4:59 pm

സെക്കന്‍ഡ് ഒപീനിയന്‍ – 008

ഹെല്‍മറ്റില്ലാത്തവരെ വണ്ടീടെ രണ്ട് കണ്ണ് കൊണ്ട് ജിങ്ജിങ് എന്ന് കാണിച്ച് അപ്പുറത്ത് പോലീസുണ്ടെന്ന് അറിയിക്കാന്‍ നമ്മള്‍ ഉഷാറാണ്. അവരെ വെട്ടിച്ചും ട്രാഫിക് നിയമം പാലിക്കാതെയും എതിരെ വരുന്നവര്‍ ചാഞ്ചാടിയാടിയും നടുറോഡില്‍ ഓര്‍മ്മയായവര്‍ നിരവധി. വാഹനാപകടം കാണുമ്പോ രക്ഷാപ്രവര്‍ത്തനം പഠിക്കാന്ന് പറഞ്ഞാല്‍ നടക്കൂല. ബാ, പറഞ്ഞ് തരാ… ഇന്നത്തെ SecondOpinion ട്രോമ കെയറിനെക്കുറിച്ചാണ്.

ഏത് അപകടസ്ഥലത്തും രക്ഷാപ്രവര്‍ത്തനം തുടങ്ങും മുന്‍പ് സ്വന്തം സുരക്ഷയുടെ കാര്യം കൂടെ ഒന്നോര്‍ക്കണം. ഒരു പരിചയവും ധാരണയുമില്ലാത്ത സാഹചര്യത്തിലേക്ക് എടുത്ത് ചാടി അപകടത്തില്‍ പെട്ട ആളുടെ ജീവന്‍ കിട്ടാന്‍ നോക്കി ഇങ്ങള് മയ്യത്താകരുത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ വരുന്ന ഫയര്‍ഫോഴ്‌സിനും മറ്റും അവരുടെ ജോലി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യും. അപകടം കണ്ടാലുടനെ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെടുക. പരുക്കേറ്റയാളുടെ ചുറ്റുപാട്, അയാളുടെ കിടപ്പ് എന്നിവയെല്ലാം ശ്രദ്ധിക്കുക. റോഡില്‍ കിടക്കുന്ന ആളെ പെട്ടെന്ന് പിടിച്ച് എഴുന്നേല്‍പിക്കരുത്, കഴുത്തു പോലുമുയര്‍ത്തരുത്. സ്പൈനല്‍ കോര്‍ഡിന് വരുന്ന കുഞ്ഞുഡാമേജ് പോലും അയാളെ സ്ഥിരമായി കട്ടിലിലാക്കാം. എന്തിന്റെയെങ്കിലും അടിയില്‍ പെട്ട് കിടക്കുന്ന ആളെ പുറത്തേക്ക് വലിച്ചെടുക്കുന്നതിനു പകരം മുകളില്‍ മറിഞ്ഞു കിടക്കുന്ന വസ്തുക്കള്‍ സൂക്ഷ്മതയോടെ ഉയര്‍ത്തി മാറ്റാന്‍ പറ്റുമോ എന്ന് ആദ്യം ശ്രമിക്കണം.

ആശുപത്രിയിലേക്ക് പോകാനുള്ള വാഹനമെത്തിയതിന് ശേഷം രോഗിയുടെ കഴുത്തുള്‍പ്പെടെ തല ഒരാള്‍ അനക്കമേല്‍ക്കാതെ പിടിക്കണം. ആവശ്യത്തിന് രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍, രോഗിയുടെ മുതുകിന് ഇരുവശവും, തുടകള്‍ക്കിരുവശവും മുട്ടിന് കീഴില്‍ ചേര്‍ത്ത് പിടിക്കാനൊരാളും എന്ന രീതിയില്‍ രോഗിയെ വാഹനത്തിലേക്ക് മാറ്റാം. ശ്രദ്ധിക്കേണ്ടത് കഴുത്ത് മുതല്‍ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാന്‍. കിടത്തി തന്നെ കൊണ്ടു പോവണം. ഓട്ടോ റിക്ഷയില്‍ രോഗിയെ ബലമായി പിടിച്ചിരുത്തി പിന്നേം നാലാള് കയറി വാഗണ്‍ ട്രാജഡി പരുവത്തില്‍ ആശുപത്രിയിലേക്ക് പോകരുത്. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക് ഒന്ന് വിളിച്ച് പറയുക കൂടി ചെയ്താല്‍ അവര്‍ക്ക് മുന്‍കൂട്ടി തയ്യാറായിരിക്കാന്‍ സാധിക്കും. ആശുപത്രികളുടെ ഫോണ്‍ നമ്പറുകളുടെ കമനീയശേഖരം തന്നെ ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

രോഗിയുടെ ദേഹത്ത് തുറന്ന മുറിവുണ്ടെങ്കില്‍ ഒരു വലിയ തുണി മടക്കി അതിന്‍മേല്‍ വെച്ച് മറ്റൊരു തുണി കൊണ്ട് വലിയ മുറുക്കമില്ലാതെ കെട്ടാം. വണ്ടിക്കകത്ത് അകപ്പെട്ട രീതിയിലാണ് രോഗിയെങ്കില്‍ വണ്ടി വെട്ടിപ്പൊളിക്കാന്‍ ഫയര്‍ഫോഴ്സിനെയോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇത് നമ്മുടെ ചുറ്റുപാടുകളില്‍ പലപ്പോഴും സാധ്യമല്ല എന്നത് കൊണ്ട് തന്നെ വാഹനത്തിനകത്ത് കുടുങ്ങിയ രോഗിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ രോഗിക്കോ സ്വയമോ പരിക്ക് പറ്റിക്കൂടാ… ശ്രദ്ധിക്കണം.

സംഗതി ഇങ്ങനെയൊക്കെ റിസ്‌കാണെങ്കിലും ഒരു ജീവനാണ്. റോഡില്‍ കാണാത്ത മട്ടില്‍ കളഞ്ഞിട്ട് പോകരുതേ… ആര്‍ക്കും ഒരു ഗ്യാരന്റിയുമില്ല. നാളെ നമുക്കും ഈ ഗതി വന്നു കൂടെന്നില്ലല്ലോ. നിര്‍ബന്ധമായും ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളും പ്രാഥമികശുശ്രൂഷകളെക്കുറിച്ചും പഠിച്ച് മനസ്സിലാക്കി വക്കുക. ഇത്തരം കുഞ്ഞറിവുകള്‍ നേടിയാല്‍ നമ്മുടെയൊക്കെ ചെറിയ ജീവിതം കൊണ്ട് ഒത്തിരി വലിയ കാര്യങ്ങള്‍ ചെയ്യാനാവും…??

വാല്‍ക്കഷ്ണം : അപകടം പറ്റിയ രോഗികള്‍ക്ക്, പ്രത്യേകിച്ച് വായയുടെ ഭാഗത്ത് പരിക്കേറ്റവര്‍ക്കും ബോധം നഷ്ടപ്പെട്ടവര്‍ക്കും ഒരുകാരണവശാലും വെള്ളം കൊടുക്കാന്‍ ശ്രമിക്കരുത്. വെള്ളം നേരെ ശ്വാസകോശത്തില്‍ പ്രവേശിച്ച് ശ്വാസതടസമുണ്ടായി രോഗി മരണപ്പെടാം. ദാഹമകറ്റി ദേഹമില്ലാതാകരുത്

Dr. Shimna Azeez

സെക്കൻഡ്‌ ഒപീനിയൻ – 008ഹെൽമറ്റില്ലാത്തവരെ വണ്ടീടെ രണ്ട്‌ കണ്ണ്‌ കൊണ്ട്‌ ജിങ്ജിങ്‌ എന്ന്‌ കാണിച്ച്‌ അപ്പുറത്ത്‌ പോലീസുണ…

Posted by Shimna Azeez on Monday, 8 January 2018

Advertisement