സാമ്പത്തിക പിരിവുകള്‍ വേണ്ട, ലൗഡ് സ്പീക്കറുകള്‍ ഒഴിവാക്കണം; ഇഫ്താറിനായി താത്കാലിക മുറികളോ ടെന്റുകളോ ഉണ്ടാക്കരുത്; നിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി

റമസാനില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ പുറത്തിറക്കി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം. നോമ്പുകാര്‍ക്കോ മറ്റോ ഇഫ്താര്‍ വിരുന്നുകള്‍ക്കോ സാമ്പത്തിക സംഭാവനകള്‍ ശേഖരിക്കുന്നതടക്കമുള്ള നിരോധിച്ചുകൊണ്ടാണ് ഇസ്ലാമിക കാര്യ മന്ത്രി ഷേഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ഷേഖ് എല്ലാ മന്ത്രാലയ ശാഖകള്‍ക്കും സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

പള്ളികളിലെ ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കുമുള്ള മുന്നറിയിപ്പിലാണ് സര്‍ക്കുലറില്‍ ഉള്ളത്. മസ്ജിദുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ നമസ്‌കാര സമയത്ത് ഇമാമിന്റെയും ആരാധകരുടെയും ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കരുത്. ഇമാമുകളും മുഅദ്ദിനുകളും അവരുടെ ജോലിയില്‍ പൂര്‍ണമായ ക്രമം പാലിക്കണം. അത്യാവശ്യഘട്ടത്തിലുള്ള ലീവ് എടുക്കല്‍ അല്ലാതെ മറ്റു മുഴുവന്‍ സമയവും പള്ളിയില്‍ ഉണ്ടാവണമെന്നും സര്‍ക്കുലറില്‍ പറയുന്നുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇമാമുകളുടെയോ മുഅദ്ദിനുകളുടെയോ അസാന്നിധ്യത്തില്‍ ആ പ്രദേശത്തെ മന്ത്രാലയ ശാഖയുടെ അംഗീകാരത്തോടെ മറ്റാരെയെങ്കിലും ജോലി നിര്‍വഹിക്കാന്‍ നിയോഗിക്കണം. എന്നാല്‍ പള്ളിയില്‍ നിശ്ചയിക്കപ്പെട്ട ജോലിക്കാരുടെ അസാന്നിധ്യം അനുവദനീയമായ കാലയളവില്‍ കൂടുതല്‍ കവിയരുത്. ഉമ്മുല്‍ ഖുറ കലണ്ടര്‍ പാലിക്കാനും റമദാനില്‍ കൃത്യസമയത്ത് ഇഷാ പ്രാര്‍ത്ഥനയുടെ ബാങ്ക് വിളിക്കാനും ഇമാമുകളോടും മുഅദ്ദിനുകളോടും ഡോ. അല്‍ഷൈഖ് ആവശ്യപ്പെട്ടു. തറാവിഹ് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്ന ആളുകളുടെ അവസ്ഥ കണക്കിലെടുക്കണം.
റമദാനിലെ അവസാന 10 ദിവസങ്ങളില്‍ തഹജ്ജുദിന്റെ പ്രാര്‍ത്ഥനകള്‍ ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധം സുബ്ഹ് ബാങ്കിന് മുമ്പായി മതിയായ സമയത്തോടെ പൂര്‍ത്തിയാക്കണം. തറാവീഹ് പ്രാര്‍ത്ഥനയും ഖുനൂത്ത് പ്രാര്‍ഥനയും ധാരാളം ദീര്‍ഘിപ്പിക്കരുത്. അംഗീകാരമുള്ള പ്രാര്‍ത്ഥനകളില്‍ പരിമിതപ്പെടുത്താനും പ്രാര്‍ത്ഥനയില്‍ സ്തുതിഗീതങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Read more

പ്രാര്‍ത്ഥന നടത്തുന്നത് എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്നതും നിരോധിച്ചു. പള്ളിയില്‍ താമസിക്കുന്നതിന് അംഗീകാരം നല്‍കാനും അവയില്‍ നിയമ ലംഘനങ്ങളൊന്നുമില്ലെന്ന് പരിശോധിക്കാനും അപേക്ഷിക്കുന്നവരുടെ ഡാറ്റ അറിയാനും പള്ളിയിലെ ഇമാമിന് ഉത്തരവാദിത്തമുണ്ട്.
ഇഫ്താര്‍ വിരുന്ന് നടത്തുന്നതിന് മറ്റു താല്‍ക്കാലിക മുറികളോ ടെന്റുകളോ ഉണ്ടാക്കരുത്.
ആരാധകരെ അസ്വസ്ഥരാക്കുകയും അവരുടെ ഭക്തി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലുള്ള പ്രവര്‍ത്തി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പള്ളിയിലേക്ക് വളരെ ചെറിയ കുട്ടികളെ കൊണ്ടുവരരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.