ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്ത് കേരള പോലീസ്. വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷം എറണാകളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയനാട്ടിലെ ഫാം ഹൗസിൽ നിന്ന് ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുക്കാൻ രാവിലെ നാല് മണി മുതൽ തന്നെ പൊലീസ് വയനാട്ടിലെ ബോബിയുടെ ഫാം ഹൗസിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ടും കൂടിയായിരുന്നു ഈ നീക്കം.

റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ്‌ ബസുമതാരിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കത്തിലാണ് ബോബിയെ കസ്റ്റഡിയിൽ എടുത്തത്. ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കുന്നുവെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമർശമെന്നും ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.