സോഷ്യല്‍ മീഡിയ വിവാദത്തില്‍ മോദി സര്‍ക്കാരിന് വിശ്വാസ്യതയെന്ത്?

രോഹൻ വെങ്കട്ടരാമകൃഷ്ണൻ
—————————————-

മോദി ഗവണ്മെന്റും സോഷ്യൽ മീഡിയയുമായി ഇപ്പോൾ നടക്കുന്ന യുദ്ധം പതിനഞ്ചുകൊല്ലം മുൻപ് പുറത്തിറങ്ങിയ ഫിക്ഷൻ ചിത്രമായ “ഏലിയൻ വേഴ്സസ് പ്രെഡേറ്റർ” നെ അനുസ്മരിപ്പിക്കുന്നതാണ്. “ആര് ജയിച്ചാലും നമ്മൾ തോൽക്കും” എന്നായിരുന്നു ആ ചിത്രത്തിന്റെ പരസ്യവാചകം.

കഴിഞ്ഞ ആഴ്ച ലോകത്തെ രണ്ടു മാധ്യമഭീമന്മാർ, വാട്സ് ആപ്പ് കൂടി ഉൾപ്പെടുന്ന ഫെയ്സ്ബുക്, ട്വിറ്റെർ ഇവർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഇൻഡ്യാ ഗവണ്മെന്റിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാൻ തീരുമാനിച്ചു.  രണ്ടിനെയും സംബന്ധിച്ച് അവരുൾപ്പെടുന്ന പ്രശ്നങ്ങൾക്ക് അല്പം വിഭിന്നതയുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

ട്വിറ്ററും മാനിപ്പുലേറ്റഡ് മീഡിയയും
സർക്കാരും ട്വിറ്ററും തമ്മിലുണ്ടായ പ്രശ്നം പഠിക്കുന്നതിന് ചില സമീപകാല സംഭവങ്ങൾ പരിശോധിക്കാം.  ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ അനുകൂലിക്കുന്ന ചില പ്രചാരണമാദ്ധ്യമങ്ങളെ  “കൃത്രിമമാദ്ധ്യമങ്ങൾ” എന്ന് ട്വിറ്റർ വിശേഷിപ്പിച്ചതിനെത്തുടർന്ന് ഇന്ത്യൻ സർക്കാർ ചെയ്തത്  പോലീസിന്റെ തീവ്രവാദവിരുദ്ധയൂണിറ്റിനെ ട്വിറ്റർ ഓഫീസുകളിലേക്ക് അയയ്ക്കുകയായിരുന്നു. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു എന്ന പേരിലായിരുന്നു ഇത്. ട്വിറ്റർ ഇതെക്കുറിച്ച് ഭയപ്പെടുത്തൽ തന്ത്രം എന്നാണ് പ്രതികരിച്ചത്.

കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡ് പ്രതിരോധപ്രവർത്തങ്ങളിൽ ബിജെപിക്ക് സംഭവിച്ച വീഴ്ചകളെ പരിഹസിക്കുന്നതിനായി പ്രതിപക്ഷകക്ഷിയായ കോൺഗ്രസ്സ് ചില അപവാദപ്രചാരണപരിപാടികൾ നടത്തി എന്നതായിരുന്നു “ടൂൾകിറ്റ്” വിവാദം. എന്നാൽ ട്വിറ്ററിന്റെ ഫാക്ട് ചെക്ക് വിഭാഗം ആ വാദം വ്യാജമാണെന്ന് തെളിയിച്ചു. ഇതേത്തുടർന്ന് വ്യാജരേഖ ചമച്ചതിന് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും കോൺഗ്രസ്സ് വാദിച്ചു.

ട്വിറ്റർ ഉപയോഗിച്ച  “കൃത്രിമ മാദ്ധ്യമങ്ങൾ” എന്ന  വിമർശനാത്മകമായ ആ വാക്ക് പിൻവലിക്കാൻ സർക്കാർ  നോട്ടീസ് നൽകി, അതിനുള്ള അധികാരമില്ലെങ്കിലും.
അന്വേഷണത്തിലിരിക്കുന്ന ഒന്നിനെക്കുറിച്ച് സമൂഹമാധ്യമം പ്രസിദ്ധപ്പെടുത്താൻ പാടില്ല എന്നത് ചോദ്യം ചെയ്യപ്പെടേണ്ട ഒരു വിലക്കായി മാറി. ഒരു വിവരമോ വീഡിയോയോ വ്യാജമെന്ന് തള്ളിപ്പറയാൻ കോടതി വിധിക്കുംവരെ കാത്തിരിക്കണം എന്നതിൽ യാതൊരുവിധ യുക്തിയുമില്ല എന്ന് സാമൂഹ്യ വിമർശനമുയർന്നു.
കോൺഗ്രസ് നേതാക്കൾ വ്യാജ ആരോപണകേസ് ദില്ലി പോലീസ് സ്‌പെഷ്യൽ സെല്ലിൽ സമർപ്പിച്ചു. സാധാരണയായി തീവ്രവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന വിഭാഗമാണിത്. എന്നാൽ ഇതേക്കുറിച്ചന്വേഷിക്കുന്നതിനുപകരം പോലീസ് ട്വിറ്ററിനെ അനാവശ്യമായി പിന്തുടരാൻ തുടങ്ങിയതിനുശേഷം കേസ് ഛത്തീസ്‌ഗർ പോലീസ് അന്വേഷിക്കുന്നതാണ് കോൺഗ്രസ്സിന് താത്പര്യം. ഇവിടെ  ഒരു  പ്രധാനകാര്യം, കർഷകപ്രക്ഷോഭത്തിനിടെ ഈ വർഷം ആദ്യം സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിൽ സെൻസർഷിപ്പ് വേണമെന്ന ആവശ്യം ട്വിറ്റർ സ്വീകരിച്ചു എന്നതാണ്. സർക്കാർ അവരുടെ  ജീവനക്കാരെ നിയമനടപടികളെ ചൊല്ലി സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ബിജെപി തന്നെ വ്യാജരേഖ ചമച്ച് വഷളാക്കിയ ഈ പ്രശ്നം ഇപ്പോൾ ” ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് ട്വിറ്റർ ഉപാധി വെച്ചിരിക്കുന്നു” എന്ന് ഭരണകൂടം പ്രഖ്യാപിക്കുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു.

വാട്സാപ്പും രഹസ്യകോഡും
വ്യവസ്ഥാപരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെങ്കിലും സർക്കാരിനെതിരെ വാട്സാപ്പ് ഇപ്പോൾ ഒരു സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത് മേൽപ്പറഞ്ഞ സംഭവവികാസങ്ങളുടെ തുടർച്ചയാണ്. ചുരുക്കത്തിൽ ഗവണ്മെന്റ് വാട്സ്ആപ് പോലുള്ള ആപ്ലിക്കേഷനുകളുടെ പ്രൈവസി നയം മാറ്റുന്നതിനും ആവശ്യമുള്ളപ്പോൾ സന്ദേശങ്ങളുടെ ഉറവിടം അറിയാൻ കഴിയുംവണ്ണം തങ്ങൾക്ക് അധികാരം നൽകണം എന്നാവശ്യപ്പെടുന്നു. ഇതിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ ലോ സ്യൂട്ട് കൊടുത്തിട്ടുണ്ട്. സ്വകാര്യത സൂക്ഷിക്കുന്നതിനും അഭിപ്രായം പറയുന്നതിനുമുള്ള അവകാശമാണ് അവർ എടുത്തുപറയുന്നത്.

ട്വിറ്ററിന്റെ കാര്യത്തിൽ എന്നതുപോലെ വാട്സാപ്പിന് മോഡി സർക്കാരുമായുള്ള പ്രശ്നം ആദ്യമായുള്ളതല്ല. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിനോട് അതിന്റെ സ്വകാര്യതാനയത്തിൽ മാറ്റം വരുത്തണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കേന്ദ്ര നിയമകാര്യ വകുപ്പുമന്ത്രി രവിശങ്കർ പ്രസാദ്  താക്കീത് നൽകിയിരുന്നു.

ഈ വിഷയത്തിൽ പൗരന്മാരുടെ സ്വകാര്യതയെ സംരക്ഷിക്കുന്ന ഒരു സ്ഥാപനമായി ഇന്ത്യൻ ഭരണകൂടം സ്വയം ചിത്രീകരിക്കുന്നു. സ്വകാര്യത സൂക്ഷിക്കുന്നതിനാവശ്യമായ  എൻഡ് റ്റു എൻഡ് എൻക്രിപ്‌ഷൻ വാട്സാപ്പിന് ഉണ്ടായിരുന്നിട്ടുപോലും തങ്ങളുടെ കൈകടത്തൽ  ആവശ്യമാണെന്ന്  സർക്കാർ വക്താക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നു.

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനിൽ, സ്വകാര്യതയെ ഉദ്ധരിക്കുന്ന ഒന്നാണ് വാട്ട്‌സ്ആപ്പ് – മാത്രമല്ല അതിന്റെ ആവശ്യങ്ങൾ ന്യായമാണെന്ന് സംസ്ഥാനം അവകാശപ്പെടുന്നു.

വാട്സാപ്പിന്റെ ലോ സ്യൂട്ടിന് അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. ഇന്ത്യയിൽ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സേവനം പിൻവലിക്കുന്നത്  നിർബന്ധിതമാക്കുന്നുവെങ്കിൽ, ബ്രസീലിൽ നിന്നും തുടങ്ങി പല രാജ്യങ്ങളിലെ ഗവണ്മെന്റുകളിൽ നിന്നും   സമ്മർദ്ദങ്ങൾ നേരിടും. മാത്രമല്ല നിരീക്ഷണത്തിൽ നിന്ന് സുരക്ഷിതമാണെന്ന് എല്ലാവരും വിശ്വസിക്കുന്ന സിഗ്നൽ, ടെലിഗ്രാം എന്നിവയുൾപ്പെടെ എല്ലാ സന്ദേശമയയ്‌ക്കൽ സേവനങ്ങൾക്കും നിയമങ്ങൾ ബാധകമാകുന്നതിനാൽ ഫലം വാട്ട്‌സ്ആപ്പിൽ മാത്രമായി പരിമിതപ്പെടില്ല.

ബിഗ് ടെക് vs ബിഗ് ഗവൺമെന്റ്
ലോകമെമ്പാടുമുള്ള ജനാധിപത്യ സമൂഹങ്ങളിൽ ബിഗ് ടെക്കിന്റെ “വിനാശകരമായ” സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചയെ ആയുധമാക്കാൻ മോദിയുടെ സർക്കാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രമിക്കുന്നു.

സ്വകാര്യതയെയോ വ്യക്തിഗത അവകാശങ്ങളെയോ പരിഗണിക്കാതെ, ജനങ്ങളുടെ ആശയവിനിമയത്തിനും വാണിജ്യത്തിനും മേലുള്ള അനിയന്ത്രിതമായ അധികാരം ശേഖരിക്കാൻ ഈ കമ്പനികളെ അനുവദിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഇന്ത്യയിലെ പലരും ഉൾപ്പെടെ ലോകമെമ്പാടുമുള്ള സിവിൽ സമൂഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നെറ്റ് ന്യൂട്രാലിറ്റിയെ  തകർക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമത്തിനെതിരെ വലിയ തോതിൽ അണിനിരന്ന രാജ്യവും ഇതാണ്. ഫേസ്ബുക്ക് അതിന്റെ പ്ലാറ്റ്ഫോം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ഒരു മേൽനോട്ട ബോർഡ് രൂപീകരിക്കാൻ കാരണവും ഈ വിമർശനങ്ങളാണ്.

ബിഗ്ടെക്കിനെ (സോഷ്യൽ മീഡിയ) സംബന്ധിച്ച  സിവിൽ സൊസൈറ്റി വിമർശനത്തെ നിരാകരിച്ച ബിജെപി ഈ സംവാദങ്ങളിൽ ദേശീയതയുടെ ഭാഷയും കൂടി ചേർത്തു.  സോഷ്യൽ നെറ്റ്‌വർക്കുകളെ ‘ഡിജിറ്റൽ കോളനൈസറുകൾ’ എന്നും ‘ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ’ സമകാലിക പതിപ്പുകൾ എന്നും പരാമർശിക്കുന്നു അവർ. ഈ ലോകവീക്ഷണത്തിൽ, ഫേസ്ബുക്കിൽ നിന്നോ ട്വിറ്ററിൽ നിന്നോ ഉള്ള ഏതൊരു പ്രചോദനവും ഇന്ത്യൻ പരമാധികാരത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്, ഇത് ഇന്ത്യൻ പൗരന്മാരെ കമ്പനികൾ എത്രമാത്രം പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ് ഇതാണ് അവർ മുന്നോട്ടുവെച്ച വാദം.

പ്രഥമദൃഷ്ട്യാ ഇത് നല്ലതാണെന്നു തോന്നിയേക്കാം. പക്ഷെ, ഇന്ത്യൻ പൗരനെ ടെക്‌നോളജി നൽകുന്ന ആശയവിനിമയ സൗകര്യങ്ങളിൽ നിന്നും അകറ്റി കൂടുതൽ വിധേയത്വം  അധികാരികളിലേക്ക് കൈമാറാൻ ബിജെപി ആഗ്രഹിക്കുന്നു, അത് അധികാര വികേന്ദ്രീകരത്തിനല്ല മറിച്ച് ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാര കേന്ദ്രീകരണത്തിലേക്ക് നയിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ്.

സോഷ്യൽ മീഡിയയെക്കാൾ സർക്കാരിനാണ് ജനങ്ങളോട് ബാദ്ധ്യതയും ഉത്തരവാദിത്വവും ഉള്ളത് എന്നതിനാൽ ഉപയോഗപ്രദമാണ് ഈ നിയന്ത്രണം എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, സർക്കാരിന്റെ വിശ്വാസ്യത ഇവിടെ വലിയ വിഷയമാണ്.  വിമർശനത്തെ രാജ്യദ്രോഹമായി കണക്കാക്കുന്നതിൽ കുപ്രസിദ്ധമാണ് ഇന്നത്തെ ഭരണകൂടം. യഥാർത്ഥ വിവരങ്ങൾ സെൻസർ ചെയ്യാനുള്ള ഔത്സുക്യം. പ്രതിച്ഛായ നഷ്ടപ്പെടുമ്പോൾ പകവീട്ടാനുള്ള സന്നദ്ധത ഇതിനെല്ലാം നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്ക്  പ്രയോജനകരമാകുന്ന സാങ്കേതികവിദ്യയ്ക്കായി ഒരു നിയന്ത്രണ ചട്ടക്കൂടിനെക്കുറിച്ച് അവർ എങ്ങനെ നീതിയുക്തമായി നിർമ്മിക്കും?

നമുക്കൊന്നു പരിശോധിക്കാം: വ്യക്തിഗത ഡാറ്റാ സ്വകാര്യതാ നിയമം നിർമ്മിക്കുമെന്നു വർഷങ്ങൾക്കു മുൻപ് പറഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല.
ആ നിയമത്തിന്റെ കരട് “അപകടകരമായത്”, “ഓർവെല്ലിയൻ” എന്ന് വിളിക്കപ്പെടുന്നത് സിവിൽ സൊസൈറ്റി അംഗങ്ങളാലോ  പ്രതിപക്ഷത്താലോ അല്ല, മറിച്ച് ഒരു ബിൽ ആദ്യം അവതരിപ്പിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ വിരമിച്ച സുപ്രീം കോടതി ജഡ്ജിയാലാണ്.

സ്വകാര്യതയ്ക്ക് മൗലികാവകാശമില്ലെന്ന് സുപ്രീം കോടതിയിൽ വാദിച്ച സർക്കാരാണിത്. രാജ്യത്തുടനീളം ഇന്റർനെറ്റ് ഷട്ട് ഡൗണുകൾ വ്യാപകമായി  നടപ്പിലാക്കിയ സർക്കാർ. ആഗോളതലത്തിൽ 70% ഷട്ട് ഡൗണുകളോടെ മറ്റേതൊരു രാജ്യത്തേക്കാളും മുന്നിലാണ് ഇക്കാര്യത്തിൽ മോഡി സർക്കാർ.
നിയമനിർമ്മാണ പിന്തുണയോ ജുഡീഷ്യൽ മേൽനോട്ടമോ ഇല്ലാതെ ആധാർ, ആരോഗ്യ സേതു, ദേശീയ ആരോഗ്യ ഐഡി, തുടങ്ങിയ പദ്ധതികളിലൂടെ സാങ്കേതിക ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കുന്നത് തുടരുന്ന സർക്കാരാണിത്.  ഇത്  ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെയിരിക്കെ സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തി പ്രയോഗിക്കാൻ ഈ ഭരണകൂടത്തെ അനുവദിച്ചാൽ എന്ത് സംഭവിക്കും?

നമുക്ക് ഇതിനകം ബോധ്യം വന്നുകഴിഞ്ഞിട്ടുണ്ട്.  ഫേസ്ബുക്കിന് നന്ദി. വാൾസ്ട്രീറ്റ് ജേണലും ഗാർഡിയനും റിപ്പോർട്ട് ചെയ്തതുപോലെ, വിദ്വേഷ സംഭാഷണത്തെയും പ്രശസ്തിക്കായുള്ള  അക്കൗണ്ടുകളെയും കുറിച്ചുള്ള  മാർഗ്ഗനിർദ്ദേശങ്ങൾ  പ്രകാരം ചിലതെല്ലാം  ഫേസ്ബുക്ക് അസാധുവാക്കിയതും (മുസ്ലീങ്ങളെ വെടിവച്ചുകൊല്ലാൻ ആവശ്യപ്പെടുന്ന ഉള്ളടക്കം അനുവദിക്കാതിരിക്കുന്നതുൾപ്പെടെ) അതെല്ലാം  ബിജെപിയെപ്പോലൊരു കക്ഷി എന്തിനെല്ലാം വേണ്ടി സങ്കേതങ്ങൾ ഉപയോഗിക്കും എന്നറിയാവുന്നതുകൊണ്ടുതന്നെ.  ഇക്കാര്യത്തിലെല്ലാം സോഷ്യൽ മീഡിയ  ജാഗരൂകരായിരിക്കുന്നത് ആശാവഹമാണ്.
യഥാർത്ഥമോ വ്യാജമോ ആയ ഏത് സന്ദേശവും വൈറലാക്കി പൊതുജനങ്ങൾക്ക് എത്തിക്കാൻ തന്റെ പാർട്ടിക്ക് കഴിയുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരിക്കൽ ഗർവ്വിഷ്ഠനായത് ഓർമ്മിക്കുക.  അതേസമയം, ഈ നടപടികളെ ചോദ്യം ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും സർക്കാരിന്റെ നിർദ്ദേശങ്ങളിൽ ബിജെപിയെ വിമർശിക്കുന്ന അക്കൗണ്ടുകൾ പതിവായി നിശബ്ദമാക്കുകയും ചെയ്യുന്നു.

ഇപ്പോൾ ബിഗ്ടെക്കിന്റെ സ്വാധീനം വളരെ വലുതാണെന്നും അവയ്ക്ക് ഉത്തരവാദിത്തം വഹിക്കാനുള്ള ചട്ടക്കൂടുകൾ പാശ്ചാത്യ സമൂഹങ്ങളിൽ നിന്നും മാത്രം വരുന്നതല്ല എന്നത്  വ്യക്തമാണ്. അപർ ഗുപ്ത എഴുതുന്നതുപോലെ ഇന്ത്യയുടെ ചില പുതിയ നിയമങ്ങൾ സ്വാതന്ത്ര്യത്തെ കയ്യടക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വിയോജിപ്പുകളെ നിർവീര്യമാക്കിക്കൊണ്ടും  ജനങ്ങളിൽ കൂടുതൽ നിയന്ത്രണം ചെലുത്തിക്കൊണ്ടും  ബിജെപി നടത്തുന്ന നീക്കങ്ങൾ  നഗ്നമായ അധികാരം പിടിച്ചെടുക്കലിനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല.

Read more

കടപ്പാട്: രോഹൻ വെങ്കട്ട രാമകൃഷ്ണൻ | സ്ക്രോൾ.ഇൻ
——————————————————
സ്വതന്ത്ര വിവർത്തനം: സാലിഹ് റാവുത്തർ