ഡി.ജി.പി ശബരിമലയ്ക്ക് കയറി; എ.ഡി.ജി.പി: ബി. സന്ധ്യയുടെ കസേര തെറിച്ചു

നടിക്കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന ദക്ഷിണ മേഖല എ.ഡി.ജി.പി: ബി.സന്ധ്യയുടെ കസേര തെറിച്ചതിനു പിന്നിലെ കാരണംതേടി ഇന്റലിജന്‍സ്‌ വിഭാഗം. സന്ധ്യയടക്കം മൂന്ന്‌ എ.ഡി.ജി.പിമാരുടെയും രണ്ട്‌ ഐ.ജിമാരുടെയും മാറ്റം നടപ്പാക്കുമ്പോള്‍ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബഹ്‌റ ശബരിമല ദര്‍ശനത്തിലായിരുന്നു. അതീവരഹസ്യമായായിരുന്നു കഴിഞ്ഞ ദിവസം സേനയുടെ തലപ്പത്ത്‌ നടന്ന അഴിച്ചു പണി.

നടന്‍ ദിലീപ്‌ പ്രതിയായ കേസിലെ കോടതി നടപടികള്‍ ഏകദേശം അവസാനിച്ച ഘട്ടത്തിലാണു സന്ധ്യയെ മാറ്റിയത്‌. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദത്തിലാണ്‌ ഇതെന്നും സൂചനയുണ്ട്‌. എന്നാല്‍, നടിക്കേസിലെ മേല്‍നോട്ടച്ചുമതലയില്‍നിന്ന്‌ സന്ധ്യയെ ഉടന്‍ ഒഴിവാക്കില്ല. അന്വേഷണവുമായി നേരിട്ട്‌ ബന്ധമില്ലെങ്കിലും കേസിലെ എല്ലാ ചോദ്യം ചെയ്യലുകളും സന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു. ദിലീപിനു ജാമ്യം ലഭിച്ചതും 90 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതും പ്രത്യേക അന്വേഷണ സംഘത്തിനു തിരിച്ചടിയായി. കൃത്യമായ തെളിവുകള്‍ ശേഖരിക്കാനായില്ലെന്ന്‌ ആക്ഷേപം നിലനില്‍ക്കവെയാണു സ്‌ഥാനചലനം എന്നതും ശ്രദ്ധേയമാണ്‌.

താരതമ്യേന അപ്രധാന പദവിയായ പോലീസ്‌ ട്രെയിനിങ്‌ കോളജാണ്‌ സന്ധ്യയുടെ പുതിയ തട്ടകം. എസ്‌.പി. റാങ്കിലുളള ഉദ്യോഗസ്‌ഥനാണ്‌ സാധാരണ ഈ തസ്‌തികയില്‍ എത്താറുളളത്‌. എ.ഡി.ജി.പിയെ തരംതാഴ്‌ത്തി നിയമിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.
ജിഷ കേസിന്റെ അന്വേഷണച്ചുമതല വഹിച്ച സന്ധ്യയെ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചിരുന്നു. നടിക്കേസിലെ മൊഴികള്‍ ചോര്‍ന്നതും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതും അന്വേഷണ സംഘത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റെ നിലപാട്‌. സന്ധ്യയുടെ നടപടികളില്‍ അന്വേഷണ തലവന്‍ ഐ.ജി: ദിനേന്ദ്ര കശ്യപും അതൃപ്‌തനായിരുന്നു.
എന്നാല്‍, സന്ധ്യക്കെതിരായ ആക്ഷേപങ്ങള്‍ ഡി.ജി.പി: ബെഹ്‌റ തള്ളിക്കളഞ്ഞതാണ്‌. നടന്‍ ദിലീപ്‌ സര്‍ക്കാരിനു കൊടുത്ത പരാതിയില്‍ സന്ധ്യക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌. മംഗളം ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു. ഐ.ജി: വിജയ്‌ സാക്കറയെ നിയമിക്കുന്നതിനുവേണ്ടിയാണു സേനയില്‍ അഴിച്ചുപണി നടത്തിയതെന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചു.

ഒരേ സ്‌ഥാനത്ത്‌ ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സ്വാഭാവിക മാറ്റമാണ്‌ സന്ധ്യയുടേതെന്നും അതില്‍ വിവാദമില്ലെന്നും ആഭ്യന്തര വകുപ്പ്‌ വിശദീകരിക്കുന്നു. വിജിലന്‍സ്‌ ഡയറക്‌ടറുടെ പദവിയിലേക്കു നിരവധി ഉദ്യോഗസ്‌ഥരെ പരിഗണിക്കുന്നുണ്ടെങ്കിലും ജയില്‍ മേധാവി ആര്‍.ശ്രീലേഖയ്‌ക്കാണു മുന്‍തൂക്കം.
ഗതാഗത കമ്മിഷണറായി നിയമിച്ച കെ.പത്മകുമാര്‍ തിങ്കളാഴ്‌ച ചുമതല ഏല്‍ക്കും. ഏല്‍പ്പിച്ച ദൗത്യം വിജയിപ്പിക്കുമെന്നു അദ്ദേഹം മംഗളത്തോടു പറഞ്ഞു. ദക്ഷിണമേഖലാ എ.ഡി.ജി.പിയായി അനില്‍കാന്തിനെയും എറണാകുളം ഐ.ജിയായി വിജയ്‌ സാക്കറെയെയും ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ഐ.ജിയായി പി.വിജയനെയും മാറ്റിനിയമിച്ചിരുന്നു.