കേന്ദ്ര നേതൃത്വത്തിന് കേരളത്തില്‍ നിന്ന് കത്ത്; പിള്ള കുപ്രസിദ്ധനായ കുറ്റവാളി

കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയാണ്‌ ആര്‍. ബാലകൃഷ്‌ണപിള്ളയെന്ന്‌ എന്‍.സി.പി. സംസ്‌ഥാനഘടകത്തിലെ ഒരു വിഭാഗം. ഇടതുമുന്നണിയില്‍ മന്ത്രിപദം മോഹിച്ച്‌ എന്‍.സി.പിയില്‍ ലയിക്കാനുള്ള കേരള കോണ്‍ഗ്രസ്‌ ബിയുടെ നീക്കത്തെ ശക്‌തമായി എതിര്‍ത്തുകൊണ്ട്‌ അവര്‍ കേന്ദ്രനേതൃത്വത്തിനു നല്‍കിയ കത്തിലാണ്‌ ഈ പരാമര്‍ശം. എന്‍.സി.പി. സംസ്‌ഥാന പ്രസിഡന്റ്‌ ടി.പി. പീതാംബരനെ എതിര്‍ക്കുന്നവരാണ്‌ കത്തിനു പിന്നില്‍.

ബാലകൃഷ്‌ണപിള്ള ഇടമലയാര്‍ വിജിലന്‍സ്‌ കേസില്‍ സുപ്രീം കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ വ്യക്‌തിയാണെന്നും അഴിമതിയുടെ പേരില്‍ ജയില്‍വാസം അനുഭവിച്ചയാളെ എന്‍.സി.പിയിലെടുത്താല്‍ പാര്‍ട്ടിക്കു ഗുണംചെയ്ിയല്ലെന്നും അഖിലേന്ത്യാ നേതാവ്‌ ശരദ്‌ പവാറിനു നല്‍കിയ കത്തില്‍ പറയുന്നു. ബാലകൃഷ്‌ണപിള്ളയെ മുന്നണിയിലെടുത്താല്‍ 2006 ലെ അനുഭവമുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്‌. അന്നു ഡി.ഐ.സി. രൂപീകരിച്ച കെ. കരുണാകരന്‍ എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ ഇടതുമുന്നണിയില്‍നിന്ന്‌ മാറ്റിനിര്‍ത്തപ്പെട്ട അനുഭവമുണ്ടായി. ഇക്കാര്യം ഓര്‍ത്തുവേണം ബാലകൃഷ്‌ണപിള്ളയുമായുള്ള ചങ്ങാത്തമെന്ന്‌ ഇന്നലെ മുംബൈയില്‍ ദേശീയ നേതൃത്വത്തെ കണ്ട നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

എന്‍.സി.പി. കേരളഘടകം പിളര്‍പ്പിന്റെ വക്കിലാണെന്നു കത്തില്‍ പറയുന്നു. ഇതിനുത്തരവാദി സംസ്‌ഥാന പ്രസിഡന്റ്‌ ടി.പി. പീതാംബരനാണ്‌. സംസ്‌ഥാന ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ ആലിക്കോയ വിഭാഗീയതയുടെ ആളാണെന്നും കത്തില്‍ വ്യക്‌തമാക്കുന്നു.
യുവജന വിഭാഗത്തിന്റെ ജില്ലാ അധ്യക്ഷന്മാരില്‍ ഒന്‍പതില്‍ ഏഴുപേരും ഒരേ സമുദായത്തില്‍നിന്നുള്ളവരാണെന്നും സംസ്‌ഥാന സമിതിയംഗം പ്രദീപ്‌ പാറപ്പുറം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അച്ചടക്കനടപടികള്‍ എന്‍.സി.പിയുടെ ഭരണഘടനയ്‌ക്കു വിരുദ്ധമാണെന്നും പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്‌.

കത്തിന്റെ അടിസ്‌ഥാനത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ലയനനീക്കത്തെ അംഗീകരിക്കില്ലെന്നാണ്‌ മന്ത്രിസ്‌ഥാനം നഷ്‌ടപ്പെട്ട എ.കെ. ശശീന്ദ്രന്‍, തോമസ്‌ ചാണ്ടി, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ്‌ മാണി സി. കാപ്പന്‍ തുടങ്ങിയവരുടെ വിശ്വാസം.