വിദ്യാര്‍ഥിയുടെ സെല്‍ഫി ഭ്രമം പിണറായിയെ ആദ്യം ചൊടിപ്പിച്ചു, പിന്നെ സാന്ത്വനം

വിദ്യാര്‍ഥിയുടെ സെല്‍ഫിഭ്രമത്തിന്റെ അമിതാവേശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. തന്റെ പ്രതികരണത്തില്‍ ഭയന്നുപോയ വിദ്യാര്‍ഥിയെ ആശ്വസിപ്പിച്ച് ഫോട്ടോയും എടുപ്പിച്ച് മടക്കി അയച്ചു. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നില്‍ തിങ്കളാഴ്ച രാവിലത്തെ ഫോട്ടോസെഷനാണ് പ്രശ്‌നമായത്. പുതിയ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പാനല്‍ തയാറാക്കിയ ജില്ല കമ്മിറ്റിക്കുശേഷം പുറത്തേക്ക് വരുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

മുഖ്യമന്ത്രിയെ കണ്ടതോടെ ഒപ്പംനിന്ന് ഫോട്ടോ എടുക്കാന്‍ സമീപത്തെ ഗവ. ബോയ്‌സ് സ്‌കൂളിലെ പത്തോളം വിദ്യാര്‍ഥികളും എത്തിയിരുന്നു. ചിരിച്ച മുഖത്തോടെയാണ് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കളുമൊത്ത് പുറത്തേക്ക് ഇറങ്ങിവന്നത്. ആദ്യം നേതാക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു. ഇതിന് ശേഷം “ബോയ്‌സ് സ്‌കൂളിലെ ബോയ്‌സ്” വരാന്‍ ചിരിയോടെ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ സമയത്താണ് വിദ്യാര്‍ഥി അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കൈയില്‍ കടന്നുപിടിച്ച് സെല്‍ഫിയെടുക്കാന്‍ ആഞ്ഞത്.

ഇതോടെ മുഖഭാവം മാറിയ മുഖ്യമന്ത്രി ഗൗരവത്തില്‍ കൈ തട്ടിമാറ്റി ഒഴിവാക്കി. വീണ്ടും ഫോട്ടോയെടുക്കാന്‍ വിദ്യാര്‍ഥികളെയെല്ലാമായി വിളിച്ചപ്പോഴും സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞത് അനിഷ്ടത്തിനിടയാക്കി. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കൈവശമിരുന്ന ഫോണ്‍ മറ്റൊരാള്‍ക്ക് നല്‍കി ഫോട്ടോ എടുക്കാന്‍ നിര്‍ദേശിച്ചു. ഫോണിന്റെ ലോക്ക് ഒഴിവാക്കി ഫോട്ടോയെടുക്കാന്‍ സമയവും നല്‍കി. ടെന്‍ഷന്‍ ഒഴിവാക്കി ചിരിച്ച മുഖത്തോടെ പോസ് ചെയ്യാനും ആവശ്യപ്പെട്ടു. പകര്‍ത്തിയ ചിത്രം പരിശോധിച്ചപ്പോള്‍ “ആയില്ലേ, ഐശ്വര്യമായിട്ട് പോയി വരു” എന്ന ചിരിയോടെയുള്ള ആശ്വസിപ്പിക്കലോടെയാണ് വിദ്യാര്‍ഥിയെ പറഞ്ഞയച്ചത്.