രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ.
ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.
തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിൽ മറ്റൊരു നൂറ് കോടി നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ജിതു മാധവൻ. ഇപ്പോഴിതാ രോമാഞ്ചത്തിന് ശേഷം താൻ ചെയ്യേണ്ടിയിരുന്നത് മറ്റൊരു ചിത്രമായിരുന്നെന്നും നിർമ്മാതാവ് അൻവർ റഷീദ് ആണ് തന്നോട് ആവേശം ചെയ്യാൻ നിർദേശിച്ചതെന്നുമാണ് ജിതു മാധവൻ പറയുന്നത്.
“ഞാൻ വളരെയധികം ഇഷ്ട്ടപ്പെടുന്ന ഒരു സംവിധായകനും നിർമാതാവുമാണ് അൻവർ റഷീദ്, അദ്ദേഹത്തിൻ്റെ കൂടെ സിനിമ ചെയ്യണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. പുള്ളിയാണ് എന്നെ ആവേശത്തിലേക്ക് കൊണ്ടുവന്നത്.
അൻവർക്കയാണ് എൻ്റെ അടുത്ത സിനിമ ഇതാണ് എന്ന അഭിപ്രായം പറഞ്ഞത്. എൻ്റെ ഇപ്പോഴത്തെ എനർജി യൂസ് ചെയ്യേണ്ടത് ആവേശത്തിലായിരിക്കണം, അങ്ങനെ ഒരു സിനിമ ആയിരിക്കണം നീ ചെയ്യേണ്ടത്. മറ്റേ കഥ എപ്പോൾ വേണമെങ്കിലും ചെയ്യാം. ആവേശമാണ് അടുത്തത് ചെയ്യേണ്ടത് എന്ന ഗൈഡൻസ് എനിക്ക് തന്നത് അൻവർക്കയായിരുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ ഞങ്ങൾ ഒരുപാട് കഥകൾ ഡിസ്കസ് ചെയ്തതിന് ശേഷമാണ് അൻവർക്ക ആവേശം സെലക്‌ട് ചെയ്‌തത്. വേറൊരു കഥക്കായിരുന്നു ഞാൻ കൂടുതൽ മുൻഗണന നൽകിയിരുന്നത്.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ജിതു മാധവൻ പറഞ്ഞത്.
അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.