യുഡിഎഫ് എംഎല്‍എമാര്‍ വാങ്ങിയത് കോടികളുടെ ചികിത്സാസഹായം; കെ. മുരളീധരന്റെ മകന്റെ ചികിത്സക്ക് 26 ലക്ഷം

മന്ത്രി കെ.കെ. ശൈലജയ്‌ക്കു കണ്ണട വാങ്ങാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്‌ 28,800 രൂപ മുടക്കിയതുള്‍പ്പെടെ ഭരണപക്ഷനേതാക്കളുടെ ചികിത്സാച്ചെലവുകള്‍ പുറത്തുവന്നിട്ടും പ്രതിപക്ഷം കണ്ണടയ്‌ക്കുന്നത്‌ എന്തുകൊണ്ട്‌? കല്ലെറിയാന്‍, പാപം ചെയ്യാത്തവരായി പ്രതിപക്ഷത്ത്‌ അധികമാരുമില്ല എന്നതുതന്നെ ഉത്തരം.

ചികിത്സാസഹായത്തിന്റെ പേരില്‍ കെ. മുരളീധരന്‍ ഉള്‍പ്പെടെ യു.ഡി.എഫിന്റെ എം.എല്‍.എമാര്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു വാങ്ങിയതു കോടികള്‍. മന്ത്രി ശൈലജയുടെ കണ്ണടച്ചെലവിനുനേരേ കണ്ണച്ചില്ലെങ്കില്‍ ഈ കണക്കും പുറത്താകുമെന്ന ഭയമാണു പ്രതിപക്ഷത്തെ പിന്തിരിപ്പിച്ചത്‌. അതേസമയം, ശൈലജയേയും കടത്തിവെട്ടുന്നതാണ്‌ ഇ.പി. ജയരാജന്‍ മന്ത്രിയായിരിക്കേ വാങ്ങിയ കണ്ണടയുടെ വില-33,200 രൂപ! ഇതും നാളുകള്‍ക്കു മുമ്പേ പ്രതിപക്ഷത്തിന്റെ കണ്ണില്‍പെട്ടതാണ്‌.

കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍ ചികിത്സാസഹായമായി ഈ സര്‍ക്കാരിന്റെ കാലത്തു കൈപ്പറ്റിയത്‌ 26 ലക്ഷത്തോളം (25,88,893) രൂപയാണ്‌. യു.ഡി.എഫിന്റെ മറ്റ്‌ എം.എല്‍.എമാരുടെ ചികിത്സാച്ചെലവ്‌ ഇങ്ങനെ: പി.ടി. തോമസ്‌-18,31,966, എം.കെ. മുനീര്‍-10,57,398, പി.വി. അബ്‌ദുള്‍ റസാഖ്‌-7,76,408, കെ.സി. ജോസഫ്‌-6,52,100. മുനീറിന്‌ നാലുലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്‌.

തെരഞ്ഞെടുപ്പു കമ്മിഷനു നല്‍കിയ സത്യവാങ്‌മൂലപ്രകാരം കോടീശ്വരനാണെന്നിരിക്കേയാണു കെ. മുരളീധരന്‍, മകന്റെ ചികിത്സയ്‌ക്കായി 26 ലക്ഷത്തോളം രൂപ കൈപ്പറ്റിയത്‌. മുരളീധരന്റെ സത്യവാങ്‌മൂലമനുസരിച്ച്‌ 2015-16 സാമ്പത്തികവര്‍ഷം കുടുംബത്തിന്റെ ആകെ ആസ്‌തി 13 കോടിയിലേറെ (13,04,42,521) രൂപയാണ്‌. അതായത്‌ കൈപ്പറ്റിയ ചികിത്സാസഹായത്തിന്റെ 50 ഇരട്ടിയോളം. രണ്ടുവര്‍ഷം മുമ്പത്തെ കണക്കാണിത്‌. കെ. മുരളീധരന്‍-7,45,05903 രൂപ, ഭാര്യ ജ്യോതി-5,17,15,740, മകന്‍ അരുണ്‍ നാരായണന്‍-26,48,361, മകന്‍ ശബരീനാഥ്‌-15,72,517 എന്നിങ്ങനെയാണു സത്യവാങ്‌മൂലത്തില്‍ കാട്ടിയ ആസ്‌തി. രണ്ടുവര്‍ഷം മുമ്പു 16 ലക്ഷത്തോളം രൂപ സ്വത്തുള്ള മകന്റെ ചികിത്സയ്‌ക്കായാണു മുരളീധരന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ വാങ്ങിയത്‌.