സ്‌കൂൾ ബസ് അപകടം: പ്രിൻസിപ്പലടക്കം മൂന്ന് പേർ അറസ്റ്റിൽ, ഈദ് ദിനത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചതില്‍ അന്വേഷണം

ഹരിയാനയിൽ ആറ് വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ സ്‌കൂള്‍ ബസ് അപകടത്തില്‍ സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പൽ അടക്കം മൂന്ന് പേർ അറസ്റ്റിൽ. ഈദുല്‍- ഫിത്ര്‍ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഹരിയാന വിദ്യാഭ്യാസമന്ത്രി സീമ ത്രിഖ അറിയിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ, ബസ് ഡ്രൈവർ, സ്‌കൂളിലെ ഓഫീസ് ഉദ്യോഗസ്ഥൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നതനുസരിച്ച്, ഡ്രൈവർ മദ്യപിച്ച് അമിത വേഗതിയിലായിരുന്നു ബസ് ഓടിച്ചത്. 40 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിൽ ആറ് വിദ്യാര്‍ഥികള്‍ മരിക്കുകയും 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് മഹേന്ദ്ഗഢില്‍ അപകടമുണ്ടായത്. ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. വീടുകളില്‍ നിന്ന് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം. ബസ് കീഴ്മേല്‍ മറിയുക ആയിരുന്നു.

അപകടത്തേക്കുറിച്ച് ഒരു ഉന്നതതല സമിതി അന്വേഷണം നടത്തുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി അസീം ഗോയല്‍ പറഞ്ഞു. സ്‌കൂളിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും രേഖകള്‍ കൃത്യമായി ഹാജരാക്കാത്തതിനാല്‍ മാര്‍ച്ച് മാസത്തില്‍ പ്രസ്തുത സ്‌കൂളിനെതിരെ 15,000 രൂപ പിഴ ചുമത്തിയിരുന്നതായും അസീം ഗോയല്‍ അറിയിച്ചു.

ഈദുല്‍- ഫിത്ര്‍ ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും മന്ത്രി പറഞ്ഞു. കൂടാതെ, വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിക്കുന്നതായി സ്വകാര്യ സ്‌കൂളുകളുടെ ഭാഗത്തു നിന്ന് സത്യവാങ്മൂലം തേടിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചതായി കണ്ടെത്തുന്നപക്ഷം സ്‌കൂളുകള്‍ക്കായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി അറിയിച്ചു.