വയനാട്ടിലേക്കും ട്രെയിന്‍ സര്‍വീസ്; പച്ചക്കൊടി നല്‍കി കേന്ദ്രം

വയനാട് ജില്ലയിലേക്ക് തീവണ്ടിപ്പാതയെന്ന സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്. റെയില്‍വേയും സംസ്ഥാനസര്‍ക്കാരും ചേര്‍ന്നുള്ള സംയുക്തസംരംഭം ഏറ്റെടുത്താല്‍ വയനാട്ടിലൂടെ കടന്നുപോകുന്ന തലശ്ശേരി-മൈസൂരു തീവണ്ടിപ്പാതയുമായി മുന്നോട്ടുപോകാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പുലഭിച്ചത്. പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍.) മന്ത്രി കേന്ദ്രത്തിന് സമര്‍പ്പിച്ചു. കാസര്‍കോട് – തിരുവനന്തപുരം അതിവേഗ പാതയും പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി പറഞ്ഞു. ബാലരാമപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് വിഴിഞ്ഞത്തേക്കുള്ള റെയില്‍വേ പദ്ധതിയും സംയുക്തസംരംഭം വഴി നടപ്പാക്കാനാണ് കേന്ദ്രനിര്‍ദേശം.

തലശ്ശേരി-മൈസൂരു തീവണ്ടിപ്പാത

തലശ്ശേരി-മാനന്തവാടി-പെരിയപട്ടണം വഴി കര്‍ണാടകയിലേക്കുള്ള പാത. 240 കിലോമീറ്റര്‍ ദൂരം. കേന്ദ്രം തത്ത്വത്തില്‍ അംഗീകരിച്ച പദ്ധതിക്ക് 5,020 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് ഡി.പി.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. കബനിയുടെ തീരത്തുകൂടി പാത സജ്ജമാക്കാനാണ് നിലവിലെ പദ്ധതി.

ബജറ്റില്‍ പ്രതീക്ഷ

നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്ക് വന്ന പ്രശ്‌നം ഇല്ലാതാക്കാന്‍ വേറെ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വന്യജീവിസങ്കേതത്തിനു പുറത്തുകൂടിയുള്ള പാതയ്ക്ക് അടുത്ത ബജറ്റില്‍ തുക നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷ. കര്‍ണാടകസര്‍ക്കാരിന്റെ സഹകരണംകൂടി തേടി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

-ജി. സുധാകരന്‍

പൊതുമരാമത്തുവകുപ്പ് മന്ത്രി