ചരിത്രം കുറിച്ച് കേരള അണ്ടര്‍ 17 ടീം; ഹരിയാനയെ തോല്‍പ്പിച്ചു കിരീടം

ദേശീയ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ ആണ്‍കുട്ടികള്‍ ചരിത്രമെഴുതി. എതിരില്ലാത്ത ഒരു ഗോളിനു ഹരിയാനയെ കീഴടക്കി കേരളം അറുപത്തിമൂന്നാമതു ദേശീയ സ്‌കൂള്‍ ഗെയിംസ് അണ്ടര്‍ 17 ഫുട്‌ബോള്‍ ചാംപ്യന്മാരായി. ബിഎസ്എഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിലുടനീളം കേരളത്തിന്റെ ആധിപത്യമായിരുന്നു.

രണ്ടാം പകുതിയിലെ പതിമൂന്നാം മിനിറ്റില്‍ വൈസ് ക്യാപ്റ്റന്‍ അബു താഹിറാണു കേരളത്തിനുവേണ്ടി ചരിത്ര ഗോള്‍ നേടിയത്. കഴിഞ്ഞവര്‍ഷം ആന്‍ഡമാന്‍സില്‍ ഹരിയാനയോടു ഫൈനലില്‍ ടൈബ്രേക്കറില്‍ പരാജയപ്പെട്ടു (32) നിരാശയോടെ മടങ്ങേണ്ടിവന്ന കേരളം അങ്ങനെ കണക്കുതീര്‍ത്തു.

ഇന്നലെ രാവിലെ നടന്ന സെമിഫൈനലില്‍ മണിപ്പൂരിനെ തോല്‍പിച്ചാണ് (21) കേരളം ഫൈനലിലെത്തിയത്. അബു താഹിറും എം.എം. വിശാഖും ഗോള്‍ നേടി. സെമി ഫൈനല്‍ കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ത്തന്നെ ഫൈനല്‍ മത്സരത്തിനുള്ള വിളിയെത്തി. നാലും അഞ്ചും ഡിഗ്രി താപനിലയുള്ള കാലാവസ്ഥയുടെ വെല്ലുവിളി കൂടി നേരിട്ടാണു കേരളത്തിന്റെ കിരീടനേട്ടം.

ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പഞ്ചാബിനെയും (21) പ്രീ ക്വാര്‍ട്ടറില്‍ ഗുജറാത്തിനെയും (10) ആദ്യമത്സരത്തില്‍ കശ്മീരിനെയുമാണു (30) കേരളം പരാജയപ്പെടുത്തിയത്. മത്സരങ്ങളില്‍നിന്നായി ജിഷ്ണുവും അബു താഹിറും അഞ്ചുവീതം ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍മാരായി. ലീഗ് രീതിയില്‍ ആസൂത്രണം ചെയ്ത മത്സരങ്ങള്‍ ആദ്യദിവസങ്ങളിലെ മഴയെ തുടര്‍ന്നു നോക്കൗട്ടാക്കി മാറ്റുകയായിരുന്നു. കിരീടം നേടിയതോടെ ഖേലോ ഇന്ത്യ മത്സരങ്ങളില്‍ പങ്കെടുക്കാനും ടീം യോഗ്യത നേടി.

കേരള ടീം: എസ്. തേജസ് കൃഷ്ണ (ക്യാപ്റ്റന്‍), അബുതാഹിര്‍ (വൈസ് ക്യാപ്റ്റന്‍), എം.എം. വിശാഖ്, സച്ചു സിബി, എസ്. നിര്‍മല്‍, സെബിന്‍ സിറാജ്, ആദില്‍ അമല്‍, അബ്ദുല്‍ ബാദിഷ്, എസ്. മഹേശ്വര്‍, രാഹുല്‍ ടി. സിറിയക്, ഡി.എല്‍. യദുകൃഷ്ണ, സി. ജേക്കബ്, അക്ഷയ് മാണി, പി.എം. ഹാനിഷ്, മുഹമ്മദ് ഷെഹിന്‍ (ഗോള്‍കീപ്പര്‍), പി.ടി. അക്ഷയ്, പി. ജിഷ്ണു, എസ്. സിജു. ആന്റണി ജോര്‍ജ് (പരിശീലകന്‍) പി. ദിലീപ് (മാനേജര്‍).