വാഗയില്‍ 360 അടി ഉയരത്തില്‍ ത്രിവര്‍ണ പതാക ഉയരും; ചെലവ് 46 ലക്ഷം രൂപ

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന വാഗയിലെ ചെക്പോസ്റ്റിനു സമീപം ഇന്ത്യയുടെ ദേശീയപതാക വീണ്ടുമുയരും. 360 അടി ഉയരമുള്ള കൊടിമരത്തിൽ പാറിയിരുന്ന പതാകയ്ക്കു കഴിഞ്ഞ വർഷം കാറ്റിൽ പലവട്ടം കേടുപറ്റിയതിനെത്തുടർന്നാണ് അഴിച്ചുമാറ്റിയത്.

ഓഗസ്റ്റ് മുതൽ പാക്കിസ്ഥാന്റെ ദേശീയപതാക സമീപത്തായി 400 അടി ഉയരത്തിൽ പാറുന്നുണ്ട്. ഇരുഭാഗത്തും ദിവസവും ആയിരങ്ങൾ സന്ദർശനത്തിനെത്തുന്ന വാഗാ അതിർത്തിയിൽ പതാകകൾ ഉയരത്തിൽ നിർത്താൻ ഇരുരാജ്യങ്ങളും ലക്ഷങ്ങളാണു ചെലവഴിക്കുന്നത്. അമൃത്‌സർ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിനു (എഐടി) കേന്ദ്രസർക്കാർ വർഷം തോറും ഇതിനു നൽകുന്നതു 46 ലക്ഷം രൂപ. 360 അടി ഉയരമുള്ള കൊടിമരം കഴിഞ്ഞവർഷം സ്ഥാപിച്ചതു 3.5 കോടി രൂപ ചെലവഴിച്ചാണ്. പക്ഷേ, നാലുവട്ടം കാറ്റടിച്ചു പതാകയ്ക്കു കേടുപറ്റി. ഓരോ തവണയും മാറ്റാൻ ആറു ലക്ഷം രൂപ വീതം ചെലവായി.

അതിർത്തിയിൽ നിന്നു 15 കിലോമീറ്റർ അകലെയുള്ള പാക്ക് നഗരമായ ലഹോറിൽനിന്നു നോക്കിയാൽ ഇന്ത്യൻ പതാക കാണാം. ഖാദി കൊണ്ടു നിർമിച്ചതായതിനാലാണ് പതാക കാറ്റടിച്ചു കീറുന്നതെന്നു ബന്ധപ്പെട്ടവർ പറയുന്നു. പാക്കിസ്ഥാൻ പതാക കൂടുതൽ ഉയരത്തിലാണെങ്കിലും മറ്റേതോ രീതിയിൽ നിർമിച്ചതിനാൽ കീറുന്നില്ലത്രേ. ഏതായാലും കൊടിമരത്തിന്റെ ഉയരം 360 അടി മതിയെന്നാണ് അധികൃതർ തീരുമാനിച്ചത്. ഈ വർഷം മുതൽ ഡൽഹി ആസ്ഥാനമായ ഫാസ്റ്റ് ട്രാക് എന്ന കമ്പനിക്കാണു ചുമതല. ന്യൂഡൽഹിയിലെ രാജീവ് ചൗക്കിലെ സെൻട്രൽ പാർക്കിൽ പാറുന്ന കൂറ്റൻ ദേശീയ പതാകയും ഫാസ്റ്റ് ട്രാക് ചുമതലയിലാണ്.

വാഗാ അതിർത്തി

പഞ്ചാബിലെ അമൃത്‌സറിൽനിന്നു 32 കിലോമീറ്റർ അകലെ ഇന്ത്യ–പാക്ക് അതിർത്തിയിലാണു വാഗാ–അട്ടാരി ചെക്പോസ്റ്റ്. വിഭജനകാലത്ത് ഇരു രാജ്യങ്ങളെയും വേർതിരിച്ച റാഡ്ക്ലിഫ് ലൈനിന്റെ ഇരുഭാഗത്താണു വാഗാ, അട്ടാരി ഗ്രാമങ്ങൾ. ഇന്ത്യയുടെ പ്രദേശത്താണ് അട്ടാരി. നിത്യേന ഇവിടെ നടക്കുന്ന ദേശീയപതാക താഴ്ത്തൽ ചടങ്ങ് വിനോദസഞ്ചാരികളെ ആകർഷിച്ചുവരുന്നു. 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ചടങ്ങ് ആരംഭിച്ചത് 1959ൽ.