വികസന രാഷ്ട്രീയത്തിന് കേരളം വോട്ട് ചെയ്യും; മോദി സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ ജനക്ഷേമനയങ്ങള്‍ തുടരാന്‍ ജനം ആഗ്രഹിക്കുന്നുണ്ടെന്ന് കെ. സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിന്റെ വോട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്‍ഡിഎ സര്‍ക്കാരിന്റെ ജനക്ഷേമനയങ്ങള്‍ തുടരാന്‍ ജനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന് വേണ്ടിയുള്ള മോദിയുടെ ഗ്യാരന്റിയാണ് ഇത്തവണ വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നത്. ഐന്‍ഡി മുന്നണിയുടെ നിലപാടില്ലായ്മയ ജനം തള്ളിക്കളയുമെന്നുറപ്പാണ്. ദില്ലിയില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമെന്ന യുഡിഎഫ്- എല്‍ഡിഎഫ് വിചിത്രവാദം വോട്ടര്‍മാര്‍ അംഗീകരിക്കില്ല.

വികസനത്തെ കുറിച്ചും ജീവല്‍പ്രശ്‌നങ്ങളെ കുറിച്ചും മിണ്ടാതെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ചര്‍ച്ചയാവാതിരിക്കാനാണ് മുഖ്യമന്ത്രി വര്‍ഗീയത പറയുന്നത്. എന്നാല്‍ അതിനൊപ്പം വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസ്. സിഎഎ പോലെയുള്ള അനാവശ്യ വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കാത്തതില്‍ രണ്ട് മുന്നണികളും അസ്വസ്ഥരാണ്. സഹകരണ അഴിമതിയും വിലക്കയറ്റവും തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്താന്‍ എന്‍ഡിഎക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പുവരുത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.