ജോയി മുതലാളിയെ മാധ്യങ്ങള്‍ക്ക് പേടിയെന്ന് അഡ്വ. എ. ജയശങ്കര്‍; 'വാര്‍ത്ത മുക്കുന്നതില്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയും ഒറ്റക്കെട്ട്'

ജോയി ആലുക്കാസില്‍ രാജ്യ വ്യാപകമായി നടന്ന പരിശോധന വാര്‍ത്ത മുക്കിയ മാധ്യമങ്ങള്‍ക്കെതിരെ അഡ്വ: എ. ജയശങ്കര്‍. ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട റെയിഡ് കേരളത്തില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. കാരണം ആ വാര്‍ത്ത ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് തന്നെയെന്ന് ജയശങ്കര്‍ വ്യക്തമാക്കുന്നു.
ആദായനികുതി റെയ്ഡിന്റെ വാര്‍ത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാര്‍ത്തയായില്ല, ചര്‍ച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടര്‍ന്നു, വാര്‍ത്ത തമസ്‌കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം.

ആലുക്കാസിനോടു മാത്രമല്ല, കല്യാണ്‍ ജ്വല്ലറിയോടും മലബാര്‍ ഗോള്‍ഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിന്റെ കാര്യം വരുമ്പോള്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണെന്നും ജയശങ്കര്‍ പറയുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിലും കോര്‍പറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ചില രേഖകളും കുറച്ചു പൈസയും എടുത്തു കൊണ്ടുപോയി.

നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെളളിയും സ്വര്‍ണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാര്‍ ഈ അതിക്രമം ചെയ്തത്.

ആദായനികുതി റെയ്ഡിന്റെ വാര്‍ത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാര്‍ത്തയായില്ല, ചര്‍ച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടര്‍ന്നു, വാര്‍ത്ത തമസ്‌കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം.

ആലുക്കാസിനോടു മാത്രമല്ല, കല്യാണ്‍ ജ്വല്ലറിയോടും മലബാര്‍ ഗോള്‍ഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിന്റെ കാര്യം വരുമ്പോള്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്.

ഇവിടെ “അപ്രഖ്യാപിത അടിയന്തരാവസ്ഥ” നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ല.