ഫ്‌ളാഷ് മോബ് തെറിവിളികള്‍ അവസാനിക്കുന്നില്ല, എസ്എഫ്‌ഐ പരിപാടിക്കെതിരെയും മതമൗലികവാദികള്‍

“മതതീവ്ര ഫത്വവകള്‍ക്ക് മറുപടി മാനവീകതയാണ്” എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ നടത്തിയ ഫ്‌ളാഷ് മോബിനെതിരെയും മതമൗലീക വാദികളുടെ കടന്നാക്രമണം. മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബിനെതിരെ നടത്തിയ അശ്ലീല പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് പെണ്‍കുട്ടികളെ വീണ്ടും അധിക്ഷേപിച്ച് മതമൗലീകവാദികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഫ്‌ളാഷ് മോബുകള്‍ മുസ്ലീം സമുദായ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും മതവിശ്വാസത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ നരകത്തിലെ വിറകുകൊള്ളികളാകുമെന്നുമുള്ള സ്ഥിരം വിമര്‍ശനങ്ങള്‍ക്കൊപ്പം തെറിവിളികളും ഉപദേശങ്ങളുമുണ്ട്. എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പരിപാടികളിലും തട്ടമിട്ടു കൊണ്ടായിരുന്നു പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്തത്. ഇതാണ് മതമൗലിക വാദികളെയും മതപണ്ഡിതന്മാരെയും ചൊടിപ്പിച്ചിരിക്കുന്നത്.

മലപ്പുറത്തെ ഫ്ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് കേസെടുത്തിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെ തന്നെയാണ് വീണ്ടും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും സോഷ്യല്‍ മീഡിയയിലെ “ആങ്ങളമാര്‍” രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബര്‍ ഒന്നാം തിയതിയായിരുന്നു എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. തട്ടമിട്ടുകൊണ്ടായിരുന്നു പെണ്‍കുട്ടികള്‍ ജിമിക്കി കമ്മല്‍ പാട്ടിന് ഡാന്‍സ് കളിച്ചത്. ഇത് മതവിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മതമൗലികവാദികള്‍ രംഗത്ത് വരികയും പെണ്‍കുട്ടികളെ അധിക്ഷേപിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ചൂടേറിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് ഉയര്‍ന്നത്.

https://www.facebook.com/100009968110729/videos/550530038622595/

ഇത് ലോകാവസാനത്തിന്റെ അടയാളമാണെന്ന് വരെ മതമൗലികവാദികളും പണ്ഡിതന്മാരും പറഞ്ഞ് പരത്തി. ഇത്തരം പ്രചരണങ്ങളുടെ ആവര്‍ത്തനാണ് എസ്എഫ്‌ഐ പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും ഫെയ്‌സ്ബുക്കില്‍ എത്തിയതിന് പിന്നാലെ ഉണ്ടായത്.

മലപ്പുറത്ത് ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്ക് വലിയ പിന്തുണ വിവിധകോണുകളില്‍ നിന്നും ലഭിച്ചിരുന്നു. പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നുവരെ വിലയിരുത്തലുകളുണ്ടായി.

https://www.facebook.com/photo.php?fbid=1562299727184656&set=a.168768036537839.43667.100002139300391&type=3&theater