മലപ്പുറത്തെ മൊഞ്ചത്തിമാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്: അഭിപ്രായം പറഞ്ഞ് ആര്‍ജെ പുലിവാല് പിടിച്ചു: ഒടുവില്‍ 'സൈബര്‍ ആങ്ങളമാര്‍ക്ക്' മുന്നില്‍ മാപ്പ് പറഞ്ഞ് പിന്മാറി

മലപ്പുറത്തെ മൊഞ്ചത്തിമാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അവരെ അഭിനന്ദിച്ചു കൊണ്ടും മതമൗലിക വാദികളെ കണക്കിന് ശകാരിച്ചുകൊണ്ടും ആര്‍ജെ സൂരജിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു ദിവസം കൊണ്ട് നാല് ലക്ഷത്തില്‍ അധികം വ്യൂസ് കിട്ടി വീഡിയോയ്ക്ക് താഴെ സൂരജിന് നേരിടേണ്ടി വന്നത് അസഭ്യവര്‍ഷമാണ്. ഇപ്പോള്‍ തനിക്ക് തെറ്റ് മനസ്സിലായെന്നും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ഇനി അഭിപ്രായം പറയാനില്ലെന്നും പറഞ്ഞ് മാപ്പ് പറഞ്ഞ് പിന്മാറിയിരിക്കുകയാണ് സൂരജ്. സൈബര്‍ ആങ്ങളമാരുടെ സദാചാര ഉപദേശങ്ങളും കണ്ണുപൊട്ടുന്ന തെറിവിളിയും സഹിക്കവയ്യാതെയാണ് സൂരജിന്റെ പിന്മാറിയത്.

രണ്ടാമത്തെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ സൂരജ് പറഞ്ഞതിങ്ങനെ

സപ്പോര്‍ട്ട് സൂരജ് എന്ന് പറഞ്ഞവരൊക്കെയും ഹെയ്റ്റ് സൂരജ് എന്ന പേരില്‍ മുന്നോട്ട് വരുന്നത് കണ്ടു. സൂരജിനെ കൊല്ലും, തല്ലും ദോഹയിലിട്ട് കത്തിക്കും അങ്ങനെ പലപ്രസ്താവനകളും കണ്ടു. ഇതിന്റെയൊക്കെ അനന്തരഫലം അനുഭവിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതിന്റെയൊക്കെ കാരണം മലപ്പുറത്തെ കുട്ടികള്‍ റോഡില്‍ ഡാന്‍സ് കളിച്ചപ്പോള്‍ അവരെ പിന്തുണച്ചതാണ്.മലപ്പുറത്തെ പെണ്‍കുട്ടികളുടെ ഡാന്‍സ് കണ്ട് അവരെ അവഹേളിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ പറഞ്ഞ് പോയതാണ്. ഒരിക്കലും ഒരു മതത്തെ അവഹേളിക്കുന്ന ഒരാളല്ല ഞാന്‍ ഹിന്ദുത്വ അജണ്ഡ നടത്താന്‍ വന്നയാളുമല്ല. ആര്‍എസ്എസ്‌കാരനുമല്ല, പെണ്‍കുട്ടികള്‍ക്ക് റോഡില്‍ നിന്ന് ഡാന്‍സ് ചെയ്യാനുള്ള വ്യക്തി സ്വാതന്ത്ര്യം പോലുമില്ലെയെന്ന് ആലോചിച്ച് പറഞ്ഞു പോയതാണ്.

അത് മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അങ്ങേയറ്റം ക്ഷമാപണം നടത്തുകയാണ്, ഇനിയൊരിക്കലും ഇത്തരം വിഷയവുമായി മുന്നോട്ട് വരില്ല. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് നേരെ ദയവ് ചെയത് തിരിയരുത്. ഒരുപാട് സ്വപ്‌നമായി ഇവിടെ ജോലിചെയ്യാന്‍ നാട്ടില്‍ നിന്ന് വന്നവരുണ്ട്. അവരുടെ സ്വപ്‌നം ഞാന്‍ കാരണം തകരരുത്. ഇത് തികച്ചും എനിക്ക് വ്യക്തിപരമായി പറ്റിയ തെറ്റാണ്. വീ ഹെയ്റ്റ് ആര്‍ജെ സൂരജ് എന്ന ക്യാംപെയിനെ മാനിച്ച്‌കൊണ്ട് തന്നെ ഞാന്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനം.നിങ്ങളായി സപ്പോര്‍ട്ട് നല്‍കിയാണ് ഞാന്‍ ഇതുവരെയെത്തിയത്. അത് നിങ്ങളായി തന്നെ തിരിച്ചെടുത്തത് തിരിച്ചറിഞ്ഞ് ഒതുങ്ങിക്കൂടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ പേരില്‍ ആ സ്ഥാപനത്തെ കരിവാരി തേക്കരുത്. തീവ്രഹിന്ദുത്വ അജണ്ഡ നടപ്പാക്കുന്നവര്‍ എനിക്ക് സപ്പോര്‍ട്ടുമായി മുന്നോട്ട് വന്നു, ദയവു ചെയ്ത് ആ സപ്പോര്‍ട്ടും വേണ്ട. പ്രശ്‌നത്തെ രണ്ട് ചേരിയായി തിരിഞ്ഞ് കുറേപ്പേര്‍ വര്‍ഗീയമായി കണ്ട് മുതലെടുക്കുകയാണ്. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ അവസാനിക്കണമെന്നാണ് ആഗ്രഹം. അങ്ങേയറ്റം ക്ഷമാപണം ഹൃദയത്തെതൊട്ട് കൊണ്ട് പറയുകയാണ്. അറിവില്ലായ്മകൊണ്ടാണെന്ന് മനസിലാക്കി മതവികാരം വ്രണപ്പെട്ട എല്ലാ മുസ്ലീം സഹോദരങ്ങളും ക്ഷമിക്കണം. തെറ്റ് മനസിലാക്കുന്നു. തിരുത്തുന്നു.ക്ഷമാപണം സ്വീകരിച്ചുകൊണ്ട് സമൂഹത്തിലെ മറ്റൊരു തലത്തിലേക്ക് ഈ വിഷയം എത്താതിരിക്കാന്‍ സപ്പോര്‍ട്ട് ചെയ്യുകയെന്ന് പറഞ്ഞ് സൂരജ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.facebook.com/rjsoorajpage/videos/1991727024176961/

റേഡിയോ മലയാളം എഫ്എമ്മിലെ ദോഹ ജംഗ്ഷന്‍ എന്ന പരിപാടിയാണ് സൂരജ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. മലപ്പുറത്തെ പെണ്‍കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ ആശംസകള്‍ എന്ന് പറഞ്ഞാണ് സൂരജ് വീഡിയോ ആദ്യം ഇട്ടത്. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ ആക്രമണം സഹിക്കവയ്യാതെയാണ് മാപ്പ് പറഞ്ഞ് പിന്‍മാറിയത്. വിവാദമായതിന് പിന്നാലെ സൂരജ് ആദ്യ വീഡിയോ ഫെയ്സ്ബുക്കില്‍നിന്ന് നീക്കം ചെയ്തു