ബല്‍റാമിനോട് ട്രോളന്‍മാര്‍; വെള്ളരിപ്രാവിനെ പറത്തിയാണോ നിങ്ങള്‍ പ്രതിഷേധിക്കാറുള്ളത്?; ഫെയ്‌സ്ബുക്കില്‍ കറുപ്പണിഞ്ഞ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ കറുപ്പ് അണിയുന്നത് വംശീയതയെന്നു പറഞ്ഞ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി ട്രോളന്‍മാര്‍. 2012 മെയ് അഞ്ചിനും 2014 മെയ് 14 നും ബല്‍റാം ഫെയ്‌സ്ബുക്ക് കറുപ്പണിഞ്ഞ് പ്രതിഷേധിച്ചിരുന്നു. 2014 മെയില്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയെപ്പോഴാണ് ബല്‍റാം കറുപ്പണിഞ്ഞിരുന്നത്.

എകെജി വിവാദത്തില്‍ ബല്‍റാമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കെട്ടടങ്ങിരുന്നില്ല. പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് സോഷ്യല്‍ മീഡിയ കറുപ്പ് അണിയുമെന്ന പ്രഖ്യാപനവും ഉണ്ടായ ഉടന്‍ ഈ പ്രതിഷേധത്തെ പരിഹസിച്ച് ബല്‍റാം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരുന്നു.

പ്രതിഷേധിക്കാന്‍ കറുപ്പ് നിറം തന്നെ തെരഞ്ഞെടുത്തതിലൂടെ സി.പി.ഐ.എം വംശീയത പറയുകയാണെന്നും കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണബോധമാണ് ഇതെന്നും ബല്‍റാം പരിഹാസരൂപേണ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ എഗയ്ന്‍സ്റ്റ് റേസിസം എന്നൊരു ഹാഷ് ടാഗും എംഎല്‍എ ഇട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ബല്‍റാമിന് വിനയായിരിക്കുന്നത് അദ്ദേഹം തന്നെ മുമ്പ് ഇട്ട പോസ്റ്റുകളാണ്.