അമൃതാനന്ദമയി മഠത്തിലെ വിദേശിയുടെ ആത്മഹത്യ; മഠത്തിലെ പല ആത്മഹത്യകളില്‍ ഒന്നായി ഇതും മാഞ്ഞു പോകുമെന്ന് ദീപാ നിശാന്ത്

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്നും ചാടി യു.കെ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിമർശനവുമായി ദീപാ നിശാന്ത് രം​ഗത്ത്. മഠത്തിലെ പല ആത്മഹത്യകളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കുമെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇവർ ഉച്ചയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും രാത്രി എല്ലാവരും ഭജനയ്ക്ക് പോയ സമയത്താണ് ആത്മഹത്യയെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാർത്ഥനക്ക് പോകുന്നുവെന്ന്. യുക്തിഭദ്രമായ വിശദീകരണം തന്നെയെന്ന് ദീപ് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

യു.കെ സ്വദേശിയായ സ്റ്റെഫേഡ് സിയോന എന്ന 45കാരി അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി ‘ആത്മഹത്യ” ചെയ്തു.

സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതർ വിശദീകരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇവർ മഠത്തിൽ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കാത്തതിൽ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണത്രേ ആത്മഹത്യ ചെയ്തത്.

ഉച്ചയ്ക്കും ഇവർ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നും അതിനെത്തുടർന്ന് പൊലീസെത്തിയിരുന്നു എന്നും രാത്രി ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ ഭജനയ്ക്ക് പോയ സമയത്താണ് ഇവർ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത് എന്നും അധികൃതർ വിശദീകരിക്കുന്നു.

ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാർഥനക്ക് പോകുന്നുവെന്ന്! യുക്തിഭദ്രമായ വിശദീകരണം തന്നെ!

ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാർത്ഥനയാണുള്ളത്?

അവിടെ എത്ര അന്തേവാസികളുണ്ടായിരുന്നു?

അവരിൽ എത്ര വിദേശികളുണ്ട്?

എത്ര സ്വദേശികളുണ്ട്?

അവരുടെ വിവരങ്ങൾ പുറത്തു വിടാൻ എന്താണിത്ര മടി?

ഈ സംഭവം അതർഹിക്കുന്ന ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കെന്താണിത്ര മടി?

പിറന്നാളിന് പരസ്യം കിട്ടില്ലാന്നുള്ള പേടിയാണോ കാരണം?

ഏതെങ്കിലും ചാനലിൽ ഈ വിഷയത്തെപ്പറ്റി ചർച്ച നടന്നിട്ടുണ്ടോ?

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടോ?

ഒടുവിൽ മഠത്തിലെ പല “ആത്മഹത്യ”കളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കും!