അവയവക്കടത്തും സർക്കാർ സ്‌പോൺസേർഡ് പരിപാടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു: സനല്‍ കുമാര്‍ ശശിധരന്‍

ആരോഗ്യ വകുപ്പിനെയും മന്ത്രി കെ.കെ ശൈലജയെയും വിമർശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തന്റെ പിതാവിന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണം ദുരൂഹമാണെന്നും സംഭവത്തിന് അവയവക്കടത്തുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്നും നേരത്തെ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിലേക്ക്‌ സനൽ കുമാർ വിവരാവകാശ പ്രകാരം രേഖകൾ ആവശ്യപ്പെട്ടിരുന്നു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് വകുപ്പ് മന്ത്രിക്കും അപേക്ഷ കൊടുത്തിരുന്നു. എന്നാൽ അതിന്മേൽ ലഭിച്ച മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് സനല്‍ കുമാര്‍ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സനല്‍ കുമാര്‍ ശശിധരന്റെ വിമര്‍ശനം.

സനൽ കുമാർ ശശിധരന്റെ കുറിപ്പ്:

കെ കെ ശൈലജ ടീച്ചർ ഭരിക്കുന്ന വകുപ്പിൽ നിന്നും ഒരു വിവരാവകാശ അപേക്ഷക്ക് കിട്ടിയ ക്ലാസിക് മറുപടിയാണ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നാണ് സംഗതി കിട്ടിയിരിക്കുന്നത്. സന്ധ്യ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചതാണെന്നും അതിന്മേൽ അന്വേഷണം ആവശ്യമുണ്ടെന്നും കാണിച്ചുകൊണ്ട് ഹൈക്കോടതിൽ നിൽക്കുന്ന കേസിന്റെ ആവശ്യത്തിലേക്ക്‌ എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് ഞാൻ വിവരാവകാശ പ്രകാരം രേഖകൾ ആവശ്യപ്പെട്ടത്. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് വകുപ്പ് മന്ത്രിക്കും കൊടുത്തു അപേക്ഷ. മെഡിക്കൽ കോളേജിൽ നിന്നും കിട്ടിയ മറുപടിയാണ് രസകരം. ഞാൻ മരിച്ച ആളിന്റെ അടുത്ത ബന്ധുവാണെന്ന് രേഖ ഹാജരാക്കിയാൽ മാത്രമേ തരാനാകൂ അത്രെ. പക്ഷെ വീട്ടിൽ നിന്നും മരണാസന്നയായി നെയ്യാറ്റിൻകര ആശുപത്രിയിൽ കൊണ്ടുചെല്ലുകയും മരണപ്പെടുകയും പോസ്റ്റ് മോർട്ടം ആവശ്യപ്പെട്ടപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആയതുകൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരിച്ചശേഷം 24 മണിക്കൂർ കഴിഞ്ഞു കൊണ്ടുപോവുകയും വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പൊസിടീവ് ആവുകയും ചെയ്ത കേസ് ചികിൽസയിൽ ഇരിക്കെ മരിച്ച കേസാക്കിയിട്ടുണ്ട് ഈ മറുപടിയിൽ. സ്വർണ കടത്തും ഡോളർ കടത്തും മാത്രമല്ല അവയവക്കടത്തും സർക്കാർ സ്‌പോൺസേർഡ് പരിപാടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശൈലജ ടീച്ചറോട് ഇത്തിരി ബഹുമാനമൊക്കെ ഉണ്ടായിരുന്നു. അത് പോയിക്കിട്ടി.

Read more