പ്രധാനമന്ത്രി പ്രസംഗിക്കാന്‍ വരുമ്പോള്‍ മുരളി വീഡിയോയില്‍ വരത്തക്ക വിധം ഇരിക്കും; ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലന്ന് കരുതരുതെന്ന് ടി.ജി; ചേരിതിരിഞ്ഞ് പോര്

കേന്ദ്രമന്ത്രിയും കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവുമായ വി. മുരളീധരനെ പരിഹസിച്ച് സംഘ്പരിവാര്‍ സഹയാത്രികന്‍ ടി.ജി മോഹന്‍ദാസ്. രാജ്യസഭയില്‍ പ്രധാനമന്ത്രി പ്രസംഗിക്കാനെത്തുമ്പോഴെല്ലാം ക്യാമറയില്‍ വരുന്ന തരത്തില്‍ സ്ഥിരമായി മുരളീധരന്‍ കയറിപ്പറ്റുന്നുവെന്നാണ് ടിജി വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം പെരുമാറ്റം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്നും മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.

”പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പിറകില്‍, സൈഡിലായി വിഡിയോയില്‍ വരത്തക്കവിധം ഇരിക്കും!. കാമറ ഏത് ആംഗിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം! നല്ല സാമര്‍ത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതരുത് കെട്ടോ” എന്നാണ് ട്വിറ്ററില്‍ ടിജി കുറിച്ചത്.

ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി റീ ട്വീറ്റുകളാണ് ഉണ്ടായിട്ടുള്ളത്. മുരളീധരന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയാണെന്നും ഇത് മനസിലാക്കാതെ തരംതാഴരുതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ടിജി പറഞ്ഞത് സത്യമാണെന്നും കേരളത്തില്‍ ബിജെപിയുടെ അവസ്ഥയാണ് അദേഹം പറഞ്ഞതെന്നും ചിലര്‍ കുറിക്കുന്നു. രാജ്യസഭയില്‍ തോന്നും പടി ഒരോ അംഗത്തിനും ഇരിക്കാനാവില്ലെനും ഒരോരുത്തര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അവിടെ മാത്രമെ ഇരിക്കാന്‍ സാധിക്കുവെന്നും ചിലര്‍ ടിജിയെ ഓര്‍മ്മപ്പെടുത്തുന്നു.

പാര്‍ലമെന്ററി കാര്യസഹമന്ത്രിയാണ് മുരളീധരന്‍. പണ്ട് വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ എല്ലാ വീഡിയോകളിലും ചിത്രങ്ങളിലും പിറകില്‍ പ്രമോദ് മഹാജന്‍ ഉണ്ടായിരുന്നു. കേരളത്തില്‍ അനേക ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വോട്ട് വില്പന അവസാനിപ്പിച്ചയാളാണ് മുരളീധരനെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരള ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗം മുന്‍ തലവന്‍ കൂടിയാണ് ടിജി മോഹന്‍ദാസ്.