'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഡോ. പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മണ്ഡലത്തിലെ ജനങ്ങള്‍ക്കും പുത്തന്‍ ഉണര്‍വുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പിലാണ്. ഈ അങ്കലാപ്പ് സ്വാഭാവികമാണ്. ഇതോടെ എല്ലാ തെറ്റായ വഴിയും സ്വീകരിച്ച് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ മിടുക്കനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സരിന്‍ എല്‍ഡിഎഫിന്റെ ഭാഗമാവാന്‍ തീരുമാനിച്ചപ്പോള്‍ ഉണര്‍വും ഉത്സാഹവും വര്‍ധിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്സാഹമാണ് കാണുന്നത്. അതിനിടയാക്കിയത് പാലക്കാട് കുറച്ചു കാലമായി നിലനില്‍ക്കുന്ന സ്ഥിതി വിശേഷം മാറണമെന്ന ജനങ്ങളുടെ ഉറച്ച വിശ്വാസമാണ്. കേരളത്തിന് മൊത്തമുണ്ടായ മാറ്റത്തിനൊപ്പം നില്‍ക്കാന്‍ പാലക്കാടിനും കഴിയണ്ടേ എന്ന ചിന്ത പാലക്കാട്ടെ ഭൂരിഭാഗം ആളുകളുടെയും മനസ്സില്‍ ഇന്നുണ്ടെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാലക്കാട് ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയാണ് ഡോ സരിന്‍ എന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. പി സരിന്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണ്. ജോലി പോലും രാജിവെച്ച് പൊതുരംഗത്തെത്തിയ നിസ്വാര്‍ത്ഥ സേവകനാണ്. പാലക്കാടിന്റെ സമഗ്രമേഖലകളിലെയും വികസന മുരടിപ്പ് മാറ്റാനാണ് സരിന്‍ ജനവിധി തേടുന്നത്. സരിന്‍ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്’- ഇ പി ജയരാജന്‍ പറഞ്ഞു.