'തടിച്ച സ്ത്രീകള്‍ വരെ സിനിമയിലെ നായികമാരെ അനുകരിക്കാന്‍ ശ്രമിക്കുന്നു'; വിവാദ പരാമര്‍ശവുമായി ആശാ പരേഖ്

ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹ വേളയില്‍ പാശ്ചാത്യ വസത്രങ്ങള്‍ ധരിക്കുന്നതിനെ വിമര്‍ശിച്ച് നടി ആശാ പരേഖ്. വണ്ണമുള്ള സ്ത്രീകള്‍ പോലും സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് വിവാഹ വേളയില്‍ കാണുന്നത് എന്നാണ് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കം നേടിയ ബോളിവുഡ് നടിയും സംവിധായികയും നിര്‍മ്മാതാവുമായ ആശാ പരേഖ് പറയുന്നത്.

ഗോവയില്‍ നടക്കുന്ന 53-ാമത് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലാണ് ആശാ പരേഖ് സംസാരിച്ചത്. എല്ലാം മാറിയിരിക്കുന്നു, നമ്മള്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടവരാണ്. വിവാഹ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ എവിടെയാണ്? നമുക്ക് ഘഗര്‍-ചോളി, സല്‍വാര്‍-കമീസ്, സാരികള്‍ എന്നീ വസ്ത്രങ്ങളുണ്ട്, അവ ധരിക്കൂ.

എന്തുകൊണ്ടാണ് നിങ്ങള്‍ അവ ധരിക്കാത്തത്? അവര്‍ സ്‌ക്രീനില്‍ നായികമാരെ കാണുന്നു, അവരെ പകര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഓണ്‍സ്‌ക്രീനില്‍ നായികമാര്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. തടിച്ചവര്‍ പോലും ആ വസ്ത്രം തങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നില്ല. ഈ പാശ്ചാത്യവല്‍ക്കരണം lന്നെ വേദനിപ്പിക്കുന്നു.

നമുക്ക് വളരെ മികച്ച സംസ്‌കാരവും നൃത്തവും സംഗീതവുമുണ്ട്. എന്നാലും എല്ലാവരും പോപ് സംസ്‌കാരത്തിന് പിന്നാലെയാണ് പോകുന്നത് എന്നാണ് ആശാ പരേഖ് പറയുന്നത്. താരത്തിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Read more

ബാലതാരമായി സിനിമയിലെത്തിയ ആശാ പരേഖ് ഗുജറാത്തി, പഞ്ചാബി, കന്നഡ സിനികളിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ ഗുജറാത്തി സീരിയലായ ‘ജ്യോതി’ സംവിധാനം ചെയ്ത ആശാ പരേഖ് ‘പലാഷ് കെ ഫൂല്‍’, ‘ബാജെ പയാല്‍’ തുടങ്ങിയ ഷോകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.