കുരങ്ങുകളൊന്നും പട്ടിണി കിടക്കരുത്; ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍

അയോധ്യയിലെ കുരങ്ങുകളുടെ ഭക്ഷണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കഴിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ഈ വാനരക്കൂട്ടത്തിന്റെ ഇപ്പോഴത്തെ ഭക്ഷണം. ഈ പശ്ചാത്തലത്തിലാണ് കുരങ്ങുകളെ ഭക്ഷണം നല്‍കി സംരക്ഷിക്കാമെന്ന് അക്ഷയ് കുമാര്‍ ആഞ്ജനേയ സേവാ ട്രസ്റ്റിനെ അറിയിച്ചത്.

ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലുള്ള ഈ ട്രസ്റ്റാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. അയോധ്യയിലെ കുരങ്ങുകള്‍ക്ക് ദിവസവും ഭക്ഷണം നല്‍കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. മാതാപിതാക്കളായ ഹരി ഓമിന്റേയും അരുണ ഭാട്ടിയയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് പണം സമര്‍പ്പിച്ചത്.

സാമൂഹിക ബോധമുള്ള ഇന്ത്യന്‍ പൗരനാണ് അക്ഷയ് കുമാറെന്നും കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ പ്രദേശവാസികള്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ആഞ്ജനേയ സേവ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത പറഞ്ഞു.

അതേസമയം, ഹനുമാന്റെ വീര സൈന്യത്തിന്റെ പിന്‍ഗാമികളായാണ് അയോധ്യയിലെ വാനരന്‍മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവിടുത്തെ വാനരന്‍മാരെന്നാണ് വിശ്വാസം.