സുശാന്തിനോട്‌ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു, പിന്നീട് അറിഞ്ഞത് മരണവാര്‍ത്ത.. കുറ്റബോധം തോന്നുന്നു: അനുരാഗ് കശ്യപ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. സുശാന്ത് മരിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് തന്നെ സമീപിച്ചിരുന്നുവെന്നും അന്നു താന്‍ സംസാരിക്കാന്‍ താല്‍പര്യപ്പെട്ടില്ലെന്നുമുള്ള സംവിധായകന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

2020ല്‍ സുശാന്തിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ മറ്റൊരു വലിയ സിനിയ്ക്കായി തന്നോടൊപ്പമുള്ള പ്രോജക്റ്റില്‍ നിന്നും സുശാന്ത് പിന്മാറി. അതില്‍ താന്‍ അസ്വസ്ഥനായിരുന്നു. പിന്നീട് സുശാന്തിന് വേണ്ടി ഒരു വ്യക്തി തന്നെ സമീപിച്ചിരുന്നു.

അന്നത് നിരസിച്ച സമയത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു. സുശാന്തിന്റെ മരണത്തിന്റെ മൂന്നാഴ്ച മുമ്പായിരുന്നു നടന് വേണ്ടി ഒരാള്‍ ബന്ധപ്പെട്ടത്. ‘ഇല്ല, എനിക്ക് സംസാരിക്കാന്‍ താല്‍പ്പര്യമില്ല’ എന്നായിരുന്നു താന്‍ പറഞ്ഞത്.

കുറ്റബോധത്തിന്റെ വേദന എനിക്ക് അനുഭവപ്പെടുന്നു എന്നാണ് അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 2020 ജൂണ്‍ 14ന് ആണ് സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുകയായിരുന്നു.

Read more

കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിക്കെതിരെ സുശാന്തിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയെ കസ്റ്റഡയില്‍ എടുത്തിരുന്നു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.