ബംഗാളി സമൂഹത്തെ അപമാനിച്ചു, നവാസുദ്ദീന്‍ സിദ്ദിഖിക്ക് എതിരെ കേസ്; വിനയായത് പരസ്യം

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ കേസ്. സോഫ്റ്റ് ഡ്രിങ്കായ സ്‌പ്രൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് താരത്തിന് വിനയായിരിക്കുന്നത്. ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നാരോപിക്കുന്ന പരാതിയിലാണ് നവാസുദ്ദീന്‍ സിദ്ദിഖിക്കും കൊക്കോകോള ഇന്ത്യന്‍ ഡിവിഷന്‍ സിഇഒയ്‌ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

സ്‌പ്രൈറ്റിന്റെ ബംഗാളി പരസ്യത്തിലെ ഒരു വരിയാണ് പരാതിക്ക് കാരണമായത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഡ്വ. ദിബ്യായന്‍ ബാനര്‍ജിയാണ് പരാതി നല്‍കിയത് എന്നാണ് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പ്രൈറ്റിന്റെ ഹിന്ദി പരസ്യത്തോട് എതിര്‍പ്പില്ല. ബംഗാളി വേര്‍ഷന്‍ പരസ്യത്തോട് മാത്രമാണ് പ്രശ്‌നം.

”ബംഗാളികള്‍ക്ക് എളുപ്പത്തില്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ അവര്‍ പട്ടിണി കിടക്കും” എന്ന ഒരു ഡയലോഗ് പരസ്യത്തിലുണ്ട്. ഇത് ബംഗാളികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. ഇത്തരം നിലാവരം കുറഞ്ഞ പ്രസ്താവനകള്‍ പരസ്യങ്ങളില്‍ പ്രോത്സാഹിപ്പിക്കരുത് എന്ന് ആഗ്രഹിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ഇതോടെ പരസ്യത്തിന്റെ ബംഗാളി പതിപ്പ് പിന്‍വലിച്ചിരിക്കുകയാണ്. ബംഗാളി വേര്‍ഷന്‍ പരസ്യം പിന്‍വലിച്ചതായും ബാംഗാളി ഭാഷയെ ബഹുമാനിക്കുന്നതായും സ്‌പ്രൈറ്റ് ഇന്ത്യ പുറത്തിറക്കിയ ഖേദ പ്രകടനത്തില്‍ വ്യക്തമാക്കി.

അതേസമയം, നവാസുദ്ദീന്‍ സിദ്ദിഖിയുടെതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ‘അഫ്വാ’, ‘ജോഗിരാ സാരാ രാ രാ’, ‘അത്ഭുത്’, ‘ടികു വെഡ്‌സ് ഷേരു’, ‘നൂറാനി ചെഹ്‌ര’, ‘ബോലെ ചൂഡിയാന്‍’, ‘ഹഡ്ഡി’, ‘സങ്കീന്‍’, ‘സെയ്ന്താവ്’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.