'പ്രധാനമന്ത്രി'ക്ക് പകരം പ്രസിഡന്റ്, മിനിസ്റ്റര്‍, 'സ്‌കോച്ചി'ന് പകരം 'ഡ്രിങ്ക്'; ബേശരം രംഗില്‍ മൂന്ന് കട്ടുകള്‍; സെന്‍സറിംഗ് പൂര്‍ത്തിയാക്കി

സെന്‍സറിംഗ് പൂര്‍ത്തിയാക്കി ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ സിനിമ ‘പത്താന്‍’. ആകെ പത്ത് കട്ടുകളാണ് സിബിഎഫ്‌സി നിര്‍ദേശിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 26 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. സംഭാഷണങ്ങളിലാണ് കൂടുതല്‍ കട്ടുകളും വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘റോ’ (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിംഗ്) എന്ന വാക്കിന് പകരം സന്ദര്‍ഭത്തിന് അനുസരിച്ച് ‘ഹമാരെ’ എന്നാക്കി മാറ്റി. ‘പിഎംഒ’ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്) എന്ന വാക്ക് 13 ഇടങ്ങളില്‍ ഒഴിവാക്കി. ‘പിഎം’ (പ്രധാനമന്ത്രി) എന്ന വാക്കിന് പകരം പ്രസിഡന്റ്, മിനിസ്റ്റര്‍ എന്നിങ്ങനെ ചേര്‍ക്കാനാണ് നിര്‍ദേശം.

‘അശോക് ചക്ര’ എന്നതിനു പകരം ‘വീര്‍ പുരസ്‌കാര്‍’ എന്നും ‘എക്‌സ്-കെജിബി’ എന്നതിനു പകരം ‘എക്‌സ് എസ്ബിയു’ എന്നും മാറ്റി. ‘മിസിസ് ഭാരത് മാത’ എന്നതിനു പകരം ‘ഹമാരി ഭാരത് മാത’ എന്നാക്കി. ‘സ്‌കോച്ച്’ എന്ന് പറയുന്നതിന് പകരം ഡ്രിങ്ക് എന്നാക്കിയിട്ടുണ്ട്.

‘ബ്ലാക്ക് പ്രിസണ്‍ റഷ്യ’ എന്നതില്‍ നിന്നും ‘റഷ്യ’ എന്ന വാക്ക് നീക്കിയിട്ടുണ്ട്. സംഭാഷണങ്ങള്‍ കൂടാതെ മൂന്ന് ഷോട്ടുകളും നീക്കാന്‍ സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു എന്നും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിവാദമായ ‘ബേശരം രംഗ്’ എന്ന ഗാനത്തിലേതാണ് ഈ മൂന്ന് ഷോട്ടുകളും.

Read more

നിതംബത്തിന്റെ ക്ലോസപ്പ് ഷോട്ട്, വശത്തു നിന്നുള്ള ഷോട്ട് എന്നിവയ്‌ക്കൊപ്പം ഗാനത്തില്‍ ‘ബഹുത് ടംഗ് കിയാ’ എന്ന വരികള്‍ വരുമ്പോഴത്തെ നൃത്തവും ഒഴിവാക്കാന്‍ സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീക്കേണ്ട ഷോട്ടുകളുടെ സമയദൈര്‍ഘ്യം എത്രയെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.