ബ്രേക്കപ്പ് ആയപ്പോള്‍ ദേഷ്യമായിരുന്നു, തമ്മില്‍ കാണുന്നത് പോലും ബുദ്ധിമുട്ട് ആയി..; ബിപാഷയുമായുള്ള പ്രണയത്തകര്‍ച്ചയെ കുറിച്ച് ഡിനോ മോറിയ

നടി ബിപാഷ ബസുവുമായുണ്ടായ പ്രണയത്തകര്‍ച്ചയെ കുറിച്ച് വെളിപ്പെടുത്തി നടന്‍ ഡിനോ മോറിയ. 1996 മുതല്‍ 2002 വരെ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ‘രാസ്’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിഞ്ഞത്. അതുകൊണ്ട് ഷൂട്ടിനിടെ തമ്മില്‍ കാണുന്നത് പോലും വലിയ ബുദ്ധിമുട്ട് ആയിരുന്നു എന്നാണ് പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡിനോ മോറിയ പറയുന്നത്.

”രാസിന്റെ സമയത്ത് ഞങ്ങള്‍ ബ്രേക്കപ്പ് ആയി. ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞാനാണ് സത്യത്തില്‍ ബ്രേക്കപ്പ് ചെയ്യുന്നത്. അവള്‍ വല്ലാതെ ബുദ്ധിമുട്ടി. എന്നെ ദിവസവും സെറ്റില്‍ കാണുക എന്നത് അവള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ ഇഷ്ടപ്പെടുന്നൊരാള്‍ കഷ്ടപ്പെടുന്നത് കാണുന്നതും പ്രയാസമായിരുന്നു.”

”ഞങ്ങള്‍ അപ്പോഴേക്കും രണ്ട് വഴി തിരഞ്ഞെടുത്തിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. അതിനാല്‍ ഞാന്‍ മൂവ് ഓണ്‍ ചെയ്തു. വര്‍ഷങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന ആളില്‍ നിന്നും അകലുന്നു, അതേസമയം തന്നെ ഞങ്ങള്‍ക്ക് ഒരുമിച്ച് ജോലി ചെയ്യേണ്ടി വരുന്നത് പ്രയാസമായിരുന്നു. പിരിയേണ്ടി വന്നതില്‍ രണ്ട് പേര്‍ക്കും സങ്കടമുണ്ടായിരുന്നു.”

”പക്ഷെ സമയം എല്ലാത്തിനെയും സുഖപ്പെടുത്തും. സമയത്തെ കടന്നു പോകാന്‍ അനുവദിക്കണം. എന്തായാലും അന്നത്തെ പ്രശ്നങ്ങളെല്ലാം മറി കടന്ന് ഞങ്ങള്‍ വീണ്ടും നല്ല സുഹൃത്തുക്കളായി മാറി. പ്രണയ തകര്‍ച്ചയുടെ സമയത്ത് പരസ്പരം ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അതെല്ലാം മറക്കാന്‍ സാധിച്ചു. അതിനാല്‍ സുഹൃത്തുക്കളായിരിക്കാന്‍ തീരുമാനിച്ചു” എന്നാണ് ഡിനോ മോറിയ പറയുന്നത്.

അതേസമയം, ബിപാഷയുടെ കരിയറിലെ വഴിത്തിരിവ് ആയ സിനിമയാണ് രാസ്. ചിത്രത്തിലേക്ക് ബിപാഷയെ നിര്‍ദേശിച്ചതും ഡിനോ മോറിയ ആണ്. പിന്നീട് ജോണ്‍ എബ്രഹാമുമായി ബിപാഷ പ്രണയത്തിലായി. ജോണുമായി ബ്രേക്കപ്പ് ആയതിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടന്‍ കരണ്‍ സിങ് ഗ്രോവറിനെ ബിപാഷ വിവാഹം ചെയ്തത്.