എന്റെ രാജകുമാരനെ കണ്ടെത്തുന്നതിന് മുമ്പ് ഒരുപാട് തവളകളെ ചുംബിക്കേണ്ടി വന്നു: തപ്സി പന്നു

ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് നടി തപ്‌സി പന്നു വിവാഹിതയാകാന്‍ ഒരുങ്ങുന്നത്. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയ് ആണ് തപ്‌സിയുടെ വരന്‍. തന്റെ യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്തുന്നതിന് മുമ്പ് തനിക്ക് കുറേ തവളകളെ ചുംബിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് തപ്‌സി ഇപ്പോള്‍ പറയുന്നത്.

തപ്‌സിയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ”രാജകുമാരനെ കണ്ടെത്തുന്നതിന് മുമ്പ് ഒരുപാട് തവളകളെ ചുംബിക്കേണ്ടതായി വന്നു. ഞാന്‍ പക്വത കൈവരിക്കുകയും എന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്തതോടെ എനിക്ക് വേണ്ടത് ഒരു ആണ്‍കുട്ടിയല്ല, ഒരു പുരുഷനെയാണെന്ന് വ്യക്തമായി.”

”ഇതില്‍ വലിയ വ്യത്യാസമുണ്ട്. ഒരു ബന്ധത്തില്‍ ഞാന്‍ ആഗ്രഹിച്ച സുരക്ഷിതത്വവും സ്ഥിരതയും നല്‍കാന്‍ പക്വതയുള്ള ഒരു വ്യക്തിക്ക് മാത്രമേ കഴിയൂ എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് വൈകാരികമായി വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ വിസമ്മതിച്ചു.”

”ഒരു ആണ്‍കുട്ടിയെ അല്ല പുരുഷനെയാണ് വേണ്ടത് എന്നത് ഉറച്ച തീരുമാനമായിരുന്നു ഞാന്‍ വിവാഹം പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ അത് എന്റെ താല്‍പ്പര്യത്തിലായിരിക്കും” എന്നാണ് തപ്‌സി പറയുന്നത്. അതേസമയം, 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് തപ്‌സിയും മത്യാസും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്.

Read more

സിഖ്-ക്രിസ്ത്യന്‍ ആചാരപ്രകരമായിരിക്കും രാജസ്ഥാനിലെ ഉദയ്പൂരില്‍ വിവാഹം നടക്കുക എന്നാണ് വിവരം. എന്നാല്‍ തപ്സിയുടെ വിവാഹത്തിന് ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.