ബുദ്ധിമുട്ടുകളുള്ള ആളുകളെയാണ് കാണേണ്ടി വരിക.. രാഷ്ട്രീയം കഠിനമാണ്, അഭിനയമാണ് എളുപ്പം: കങ്കണ

ബിജെപി ടിക്കറ്റില്‍ മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച താരമാണ് കങ്കണ റണാവത്ത്. 74,755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. ഇതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിന് പോകവെ വിമാനത്താവളത്തില്‍ വച്ച് സുരക്ഷ ഉദ്യോഗസ്ഥയുടെ അടിയേല്‍ക്കുകയും ചെയ്തു.

താരത്തിന്റെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനായിരുന്നു അടിപൊട്ടിയത്. ഇപ്പോഴിതാ കങ്കണയുടെ മറ്റൊരു പ്രസ്താവനയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. മുമ്പൊരിക്കല്‍ ഹിമാചലി പോഡ്കാസ്റ്റ് എന്ന യൂട്യബ് ചാനലിനോട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

അഭിനയമാണ് എളുപ്പം, രാഷ്ട്രീയം കഠിനമാണ് എന്ന് പറയുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ”സിനിമയിലെ ജീവിതമല്ല രാഷ്ട്രീയത്തിലേത്. സിനിമാ അഭിനേതാവ് എന്ന നിലയില്‍ സെറ്റുകളിലേക്കും മറ്റും പോകുന്നത് പിരിമുറുക്കങ്ങള്‍ ഇല്ലാതെയാണ്. മൃദുവായ ജീവിതമായിരിക്കും.”

”എന്നാല്‍ ഡോക്ടര്‍മാരെ പോലെ കഠിനമായ ജീവിതമാണ് രാഷ്ട്രീയത്തിലേത്. കാരണം അവര്‍ക്ക് എപ്പോഴും ബുദ്ധിമുട്ടുകളുള്ള ആളുകളെയാണ് കാണേണ്ടി വരിക. സിനിമ കാണാന്‍ പോകുന്നത് വളരെ സന്തോഷത്തോടെയാണ് പക്ഷേ, രാഷ്ട്രീയം അങ്ങനെയല്ല” എന്നാണ് വീഡിയോയില്‍ കങ്കണ പറയുന്നത്.

അതേസമയം, കോണ്‍ഗ്രസിലെ വിക്രമാദിത്യ സിംഗിനെ തോല്‍പിച്ചായിരുന്നു കങ്കണയുടെ ലോക്സഭാ പ്രവേശം. തിരഞ്ഞെടുപ്പിന് മുമ്പെ, ബിജെപി അനുകൂല അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു കങ്കണ.