പ്രിയങ്കാ ചോപ്രയെ തേടി ഒരു അപൂര്‍വ ബഹുമതി

നടി പ്രിയങ്ക ചോപ്രയെ തേടി അപൂര്‍വ പുരസ്ക്കാരം. സാമൂഹ്യ നീതിയ്ക്കുള്ള മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡാണ് ബോളിവുഡ് താരത്തെ തേടി എത്തിയിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള അവാര്‍ഡാണിത്. സിറിയയിലെ കലാപ പ്രദേശങ്ങളിലെ അഭയാര്‍ഥികളായ കുട്ടികള്‍ക്ക് ചെയ്ത സഹായങ്ങള്‍ക്കാണ് പ്രിയങ്ക അവാര്‍ഡിനര്‍ഹയായത്.

പുതിയ ഹോളിവുഡ് സിനിമയുടെ ചിത്രീകണത്തിനായി അമേരിക്കയിലായതിനാല്‍ പ്രിയങ്കയ്ക്ക് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനായില്ല. പ്രിയങ്കയ്ക്ക് വേണ്ടി അമ്മ മധുചോപ്ര അവാര്‍ഡ് ഏറ്റുവാങ്ങി. വളയെയധികം ദയാലുവും സ്‌നേഹനിധിയുമായ മകളുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷം മധുചോപ്ര പറഞ്ഞു. എത്രത്തോളം അധികം നമ്മള്‍ ആളുകളെ സ്‌നേഹിക്കുന്നുവോ അതിലുമധികം തിരിച്ച് ലഭിക്കുമെന്നും പ്രിയങ്ക മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുനിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡറായ പ്രിയങ്ക സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരയാണ്. സിറിയയില്‍ അവര്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.