'കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്തും ചെയ്യും.., സവർക്കറാവാൻ കുറച്ചത് 18 കിലോ'; രൺദീപ് ഹൂഡ

സ്വതന്ത്ര വീർസവർക്കറാവാൻ ശരീരഭാരം കുറച്ച് കുറച്ച് രൺദീപ് ഹൂഡ. 18 കിലോയോളം കുറച്ച നടന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോൽ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രം സവർക്കറുടെ ജീവിതകഥയാണ് പറയുന്നത്. ടൈറ്റിൽ റോളിലാണ് രൺദീപ് ഹൂഡയെത്തുന്നത്.

ചിത്രത്തിനായി താൻ ഇതുവരെ 18 കിലോ കുറച്ചെന്നാണ് ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടൻ വ്യക്തമാക്കിയത്. ഇനിയും ഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രൺദീപ് ഹൂഡ.

ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ രൂപമാറ്റം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പുതിയൊരു കഥാപാത്രമാവാനുള്ള പരിശ്രമത്തിലാണ് രൺദീപ് ഇപ്പോൾ. സ്വതന്ത്ര വീർസവർക്കർ എന്ന ചിത്രത്തിനായാണ് ഹൂഡയുടെ പുതിയ രൂപമാറ്റം.2020-ൽ ഓ.ടി.ടി റിലീസായെത്തിയ എക്സ്ട്രാക്ഷൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും രൺദീപ്  അരങ്ങേറ്റം നടത്തിയിരുന്നു.

സവർക്കറുടെ ലുക്കിലുള്ള രൺദീപിന്റെ ചിത്രം ഫസ്റ്റ്ലുക്ക് പോസ്റ്ററായി അണിയറപ്രവർത്തകർ ഇറക്കിയിരുന്നു. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അൺഫെയർ ആൻഡ് ലവ്ലിയാണ് രൺദീപിന്റേതായി അണിയറിയിൽ ഒരുങ്ങുന്ന മറ്റൊരുചിത്രം. ഇല്യാന ഡിക്രൂസ് ആണ് ചിത്രത്തിലെ നായിക.