ആ ടോയ്‌ലെറ്റിന് മുന്നില്‍ നില്‍ക്കുമ്പോഴുള്ള മാനസിക പ്രശ്‌നം വലുതായിരുന്നു, ജയിലില്‍ നരകജീവിതം; വെളിപ്പെടുത്തി റിയ

തന്റെ ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി റിയ ചക്രവര്‍ത്തി. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ഒരു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കോവിഡ് കാലത്ത് അറസ്റ്റില്‍ ആയതിനാല്‍ ഏകാന്ത തടവില്‍ ആയിരുന്നു റിയ.

14 ദിവസത്തോളം ഏകാന്ത തടവില്‍ ആയിരുന്നു. വിശപ്പും ക്ഷീണവും കാരണം കഴിക്കാന്‍ കിട്ടിയതൊക്കെ കഴിച്ചു. റൊട്ടിയും കാപ്‌സിക്കവും ആയിരുന്നു ജയിലിലെ ഭക്ഷണം. രാവിലെ ആറിനാണ് പ്രഭാത ഭക്ഷണവും, പതിനൊന്നോടെ ഉച്ചഭക്ഷണവും ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ അത്താഴവും ലഭിക്കും.

കാരണം ഇന്ത്യയിലെ ജയിലുകളില്‍ ഇപ്പോഴും ബ്രിട്ടിഷ് രീതിയാണ് പിന്തുടരുന്നത്. രാവിലെ ആറിന് ഗേറ്റുകള്‍ തുറക്കും, വൈകിട്ട് അഞ്ചോട് തിരികെ കേറണം. അതിനിടയില്‍ കുളിക്കാനും ലൈബ്രറിയില്‍ പോകാനും മറ്റും സമയമുണ്ട്. മിക്ക ആളുകളും അവരുടെ അത്താഴം എടുത്തുവച്ച് രാത്രി 7-8 മണിക്കാണ് കഴിക്കുക.

എന്നാല്‍ ഞാന്‍ ദിനചര്യകളെല്ലാം മാറ്റി. രാവിലെ നാലു മണിക്ക് ഉണരും. ഉച്ചയ്ക്ക് രണ്ടു മണിയോടെ തന്നെ അത്താഴം കഴിക്കുകയും ചെയ്യും. ജയിലിലെ ശൗചാലയങ്ങള്‍ നല്ലതായിരുന്നില്ല. ബക്കറ്റുമായി അവിടെ നില്‍ക്കുമ്പോഴുള്ള മാനസിക പ്രശ്‌നം ശാരീരിക പ്രശ്‌നത്തേക്കാള്‍ വലുതായിരുന്നു എന്നാണ് റിയ ചക്രബര്‍ത്തി പറയുന്നത്.

ചേതന്‍ ഭഗത്തിന്റെ ചാറ്റ് ഷോയിലാണ് റിയ തന്റെ ദുരനുഭവം വിവരിച്ചത്. 2020 ജൂണ്‍ 14ന് ആയിരുന്നു സുശാന്ത് സിങ് രജ്പുത് ബാന്ദ്രയിലെ വസതിയില്‍ ഫാനില്‍ തൂങ്ങിമരിച്ചത്. സെപ്റ്റംബറില്‍ ആയിരുന്നു റിയയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.