രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സില്‍ നിന്നും എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘സിങ്കം എഗെയ്ന്‍’ ട്രെയ്‌ലര്‍ പുറത്ത്. രാമായണ കഥ പുനരാവിഷ്‌കരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ. അഞ്ച് മിനുറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സിനിമയുടെ കഥ മുഴുവന്‍ പറയുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയ്‌ലര്‍ ആണിത്.
കലിയുഗത്തിലെ രാമനായി അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍, രാവണനായി അര്‍ജുന്‍ കപൂര്‍ ആണ് വേഷമിടുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്ന ട്രെയ്‌ലറില്‍ കൊടൂര വില്ലനായാണ് അര്‍ജുനെ അവതരിപ്പിച്ചിരിക്കുന്നത്. കരീന കപൂറും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ നായികമാര്‍. അജയ് ദേവ്ഗണിന്റെ ഭാര്യ ആയാണ് കരീന വേഷമിടുന്നത്. ലേഡി സിങ്കം എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.
ലക്ഷ്മണന്‍ റെഫറന്‍സുമായി ടൈഗര്‍ ഷ്രോഫും, ഹനുമാനായി രണ്‍വീര്‍ സിംഗും, ജടായുവായി അക്ഷയ് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇതുവരെ നാല് ചിത്രങ്ങളാണ് കോപ് യൂണിവേഴ്‌സ് ഫ്രാഞ്ചെസിയില്‍ എത്തിയിട്ടുള്ളത്. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ.
‘സിങ്കം’, ‘സിങ്കം റിട്ടേണ്‍സ്’, ‘സിംബ’, ‘സൂര്യവംശി’ എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ കോപ് യൂണിവേഴ്‌സ് സിനിമകള്‍. സിങ്കം എഗെയ്ന്‍ ചിത്രത്തില്‍ ജാക്കി ഷ്രോഫ്, ദയാനന്ദ് ഷെട്ടി, ശ്വേത തിവാരി, രവി കിഷന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ദംബങ് സിനിമയിലെ ഛുല്‍ബുല്‍ പാണ്ഡെയായി സല്‍മാന്‍ ഖാന്‍ അതിഥിവേഷത്തില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സൂര്യയുടെ ഹിറ്റ് ചിത്രം ‘സിങ്ക’ത്തിന്റെ റീമേക്ക് ആണ് അജയ് ദേവഗണിനെ നായകനാക്കി രോഹിത് ഷെട്ടി ഒരുക്കിയ സിങ്കം. 2014ല്‍ സിങ്കം റിട്ടേണ്‍സ് എത്തി. പിന്നീട് 2018ല്‍ സിംബ എന്ന ചിത്രം എത്തി. രണ്‍വീര്‍ സിങ് ആയിരുന്നു നായകന്‍. 2021ല്‍ അക്ഷയ് കുമാറും ഈ യൂണിവേഴ്‌സില്‍ ചേര്‍ന്നു. 350 കോടിയാണ് ‘സിങ്കം എഗെയ്ന്‍’ സിനിമയുടെ ബജറ്റ്. നവംബര്‍ ഒന്നിനാണ് റിലീസ്.