ആരാധകരെ ഞെട്ടിച്ച് സുശാന്തിന്റെ ഫെയ്‌സ്ബുക്കില്‍ ന്യൂ ഇയര്‍ ആശംസകള്‍! പിന്നാലെ കുറിപ്പ്

ബോളിവുഡില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം. 2020 ജൂണ്‍ 14ന് ആയിരുന്നു താരം സ്വന്തം വസതിയില്‍ തൂങ്ങി മരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ബോളിവുഡും പ്രേക്ഷകരും ഞെട്ടിയിരുന്നു.

സുശാന്ത് വിട പറഞ്ഞ് ഒരു വര്‍ഷത്തില്‍ അധികമായിട്ടും ലക്ഷക്കണക്കിന് പേരാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇപ്പോഴും പിന്തുടരുന്നത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു പുതുവര്‍ഷത്തില്‍ സുശാന്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പട്ട പുതിയ പോസ്റ്റ്.

എല്ലാവര്‍ക്കു പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കുറിപ്പാണ് പങ്കുവച്ചത്. കുറിപ്പ് മുഴുവന്‍ വായിച്ചു കഴിഞ്ഞതോടെ ആരാധകരുടെ ഞെട്ടലും മാറി. സുശാന്തിന്റെ സഹോദരി ശ്വേത സിങ് കിര്‍ത്തിയുടേതായിരുന്നു പോസ്റ്റ്.

‘എല്ലാവര്‍ക്കും സന്തോഷകരമായ, മികച്ച ഒരു പുതുവര്‍ഷം ആശംസിക്കുന്നു. സഹോദരനു വേണ്ടി ശ്വേത സിങ് കിര്‍തിയാണ് എല്ലാവര്‍ക്കും ആശംസ നേരുന്നത്’ എന്നാണ് കുറിപ്പ്. ശ്വേതയുടെ പോസ്റ്റിന് മറുപടിയും ആശംസകളുമായി നിരവധി ആരാധകരെത്തി.

Read more

ബോളിവുഡില്‍ നിരവധി വലിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കം കുറിച്ചതായിരുന്നു സുശാന്തിന്റെ മരണം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ താരത്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രബര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാറ അലിഖാന്‍, രാകുല്‍ പ്രീത്, ദീപിക അടക്കമുള്ള താരങ്ങളെയും നാര്‍കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്തിരുന്നു.