നെപ്പോ കിഡ്സ് അല്ല; ഇവർ സ്വയം വഴി തെളിച്ച് ബോളിവുഡിൽ എത്തിയവർ !

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം ഇൻഡസ്ട്രിയായ ബോളിവുഡിലെ അഭിനേതാക്കളുടെ എണ്ണമെടുത്താൽ തീരില്ല. സൂപ്പർ താരങ്ങളുടെയും താരപുത്രന്മാരുടെയും പുത്രിമാരുടെയും ലോകമായ ബോളിവുഡിൽ സ്വന്തം പ്രയത്നം കൊണ്ട് മാത്രം പ്രശസ്തിയുടെ പടവുകൾ കയറി, ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ചില അഭിനേതാക്കളുമുണ്ട്. അതിൽ നടന്മാരും നടിമാരുമുണ്ട് എന്നതാണ് ശ്രദ്ധേയം.

പ്രേക്ഷകശ്രദ്ധ നേടിയ പല ചിത്രങ്ങളിലൂടെയും പരിചിതനായ രാജ്‌കുമാർ റാവു അത്തരത്തിലൊരു നടനാണ്. ബോളിവുഡിലെ യുവ നടന്മാരിൽ പ്രശസ്തിയിലേക്കുള്ള സ്വാഭാവിക ഉയർച്ചയുടെ പേരിൽ വേറിട്ടുനിൽക്കുന്ന രാജ്കുമാർ റാവു 2010ൽ ലവ് സെക്സ് ഔർ ധോഖ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇതിലൂടെ നടന്റെ കഴിവ് ബി ടൗൺ തിരിച്ചറിയുകയും പിന്നീടുള്ള യാത്രയിലേക്ക് വഴി തെളിയുകയും ചെയ്തു. 2013 ൽ പുറത്തിറങ്ങിയ ‘ഷാഹിദ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടനുള്ള നാഷണൽ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു.

2006-ൽ പുറത്തിറങ്ങിയ അനുരാഗ് ബസുവിന്റെ ഗ്യാങ്‌സ്റ്ററിലെ മികച്ച പ്രകടനത്തിലൂടെയാണ് കങ്കണ റണാവത്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഷൈനി അഹൂജ, ഇമ്രാൻ ഹാഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗ്യാങ്സ്റ്ററിൽ ഇരുപതാം വയസിലാണ് താരം അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടുകയും ചെയ്തിരുന്നു. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2009ൽ പുറത്തിറങ്ങിയ ഫാഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും 2015ൽ പുറത്തിറങ്ങിയ ക്വീൻ, 2016ലെ തനു വെഡ്സ് മനു റിട്ടേൺസ്, 2019ലെ മണികർണികാ; ദി ക്വീൻ ഓഫ് ജാൻസി’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.

1994-ൽ മിസ്സ് വേൾഡ് കിരീടം നേടിയതോടെയാണ് ഐശ്വര്യറായ് ബച്ചൻ അഭിനയ ജീവിതം ആരംഭിച്ചത്. ലോകസുന്ദരി പട്ടം നേടുന്നതിന് മുൻപ് തന്നെ ഐശ്വര്യ വളർന്നു വരുന്ന ഒരു താരമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് പഠനവും അതിനോടൊപ്പം മോഡലിംഗും വിജയകരമായി മുന്നോട്ട് കൊണ്ടുപോയി. ചെറിയ ടിവി പരസ്യങ്ങളിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. 1993-ൽ പെപ്‌സിക്ക് വേണ്ടി ആമിർ ഖാൻ അഭിനയിച്ച ശ്രദ്ധേയമായ ഒരു പരസ്യത്തിലൂടെ ഐശ്വര്യ പ്രശസ്തി നേടി. അഭിനയം തുടങ്ങുന്നതിന് വളരെ മുമ്പു തന്നെ താരപദവിയിലേക്കുള്ള യാത്രയ്ക്ക് ഇത് വഴിയൊരുക്കി. നിരവധി ഫിലിം ഫെയർ അവാർഡുകളടക്കം താരത്തിന് ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതിന് മുമ്പ് തന്നെ പ്രിയങ്ക ചോപ്ര ബോളിവുഡിൽ തന്റേതായ ഒരു വഴി സൃഷ്ടിച്ചിരുന്നു. 18-ാം വയസ്സിൽ 2000ൽ മിസ്സ് വേൾഡ് കിരീടം നേടിയ ശേഷം 2002ൽ പുറത്തിറങ്ങിയ ‘തമിഴൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള കടന്നു വരവ്. 2003ൽ പുറത്തിറങ്ങിയ ‘ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ബർഫി, ഡോൺ 2, മേരി കോം, ദിൽ ധഡക്‌നേ ദോ, അഗ്നീപഥ്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹോളിവുഡിൽ നിരവധി ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത താരം ഹോളിവുഡിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ ഫാഷൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 6 വർഷത്തോളമായി ഹോളിവുഡ് സിനിമകളിൽ പ്രിയങ്ക സജീവമാണ്. എസ്എസ് രാജമൗലിയുടെ അടുത്ത സിനിമയിൽ പ്രിയങ്ക എത്തുമെന്നും പുതിയ റിപ്പോർട്ടുകളുണ്ട്.

2007ൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ‘ഓം ശാന്തി ഓം’എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സംവിധായിക ഫറാ ഖാൻ അന്ന് അധികം അറിയപ്പെടാത്ത മോഡലായ ദീപികയെ ഓഡിഷനില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. സിനിമ സൂപ്പർഹിറ്റ് ആയതോടെ ദീപികയുടെ ഭാഗ്യരേഖ തെളിഞ്ഞു. ‘കോക്ക്ടെയിൽ’, ‘യേ ജവാനി ഹേ ദിവാനി’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഹാപ്പി ന്യൂ ഇയർ’, ‘ബാജിറാവു മസ്താനി’, ‘പത്മാവത്’ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ബോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ ആണെന്ന് തന്നെ പറയാം. നിരവധി ഫിലിം ഫെയർ അവാർഡുകളടക്കം താരത്തിന് ലഭിച്ചിട്ടുണ്ട്.

Read more